“സാരമില്ല, അടുത്ത തവണ പരിഹരിക്കാം!” റെഡ് അലർട്ടിനിടയിലും സ്കൂളിലെത്തിയ കുരുന്നുകൾക്ക് കാസർകോട് കളക്ടറുടെ ക്യൂട്ട് ലെറ്റർ!

കാസർകോട്: ‘ഇന്ന് അവധിയുണ്ടാകുമോ ബാപ്പച്ചീ…’ എന്ന് രാവിലത്തെ കനത്ത മഴയത്ത് ചായ കുടിക്കുമ്പോൾ ചിന്തിച്ച കുട്ടികൾക്ക് കിട്ടിയത് റെഡ് അലർട്ട്! പക്ഷേ, അവധി മാത്രം കിട്ടിയില്ല. എന്നാൽ വിഷമിക്കേണ്ട, കനത്ത മഴയെയും തോൽപ്പിച്ച് കൃത്യസമയത്ത് സ്കൂളിലെത്തിയ കുരുന്നുകളെ നെഞ്ചോട് ചേർത്ത് ജില്ലയുടെ സ്വന്തം കാസർകോട് കളക്ടർ അർജുൻ പാണ്ഡ്യന്റെ സ്നേഹക്കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

ഇന്നലെ വരെ ശാന്തമായിരുന്ന ആകാശം രാവിലെ പെട്ടെന്നാണ് ഭാവം മാറിയതും കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതും. അപ്പോഴേക്കും നമ്മുടെ കൊച്ചുകൂട്ടുകാരിൽ പലരും ബാഗും തൂക്കി സ്കൂളുകളിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു!

“പെട്ടെന്നൊരു അവധി പ്രഖ്യാപിച്ച് നിങ്ങളെയും മാതാപിതാക്കളെയും ആശയക്കുഴപ്പത്തിലാക്കണ്ട എന്ന് കരുതിയാണ് അവധി നൽകാതിരുന്നത്. സാരമില്ല കേട്ടോ… അടുത്ത തവണ നമുക്കിത് പരിഹരിക്കാം!” – കളക്ടർ കുറിച്ചു.

മഴ കനത്തെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ഉറപ്പുനൽകിയ കളക്ടർ, കനത്ത മഴയിലും കൃത്യസമയത്ത് ക്ലാസിലെത്തിയ സമർത്ഥരായ കുട്ടികളെ അഭിനന്ദിക്കാനും മറന്നില്ല. വെള്ളിയാഴ്ചത്തെ അവധി എല്ലാവരും അടിപൊളിയായി ആഘോഷിച്ചു എന്ന് കരുതുന്നുവെന്നും, മഴ തുടരുന്നതിനാൽ എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും കളക്ടർ സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.

കളക്ടറുടെ ഈ “ക്യൂട്ട്” വിശദീകരണം മാതാപിതാക്കളുടെയും കുട്ടികളുടെയും മനം കവർന്നു കഴിഞ്ഞു. ഏതായാലും ‘അടുത്ത തവണ പരിഹരിക്കാം’ എന്ന കളക്ടറുടെ വാഗ്ദാനം വരും ദിവസങ്ങളിലെ മഴക്കാലത്ത് കുട്ടികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്!

Leave a Reply

Your email address will not be published. Required fields are marked *