നീലേശ്വരം: ജനങ്ങളുടെ സുരക്ഷിതമായ സഞ്ചാര അവകാശം സംരക്ഷിക്കണമെന്നും നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ ജനസുരക്ഷാ റാലി സംഘടിപ്പിച്ചു. നീലേശ്വരത്തിന്റെ വികസനവും ഭാവി തലമുറയുടെ സുരക്ഷയും മുൻനിർത്തി നടക്കുന്ന ജനകീയ സമരം 224-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് റാലി സംഘടിപ്പിച്ചത്.
നീലേശ്വരം ബസ് സ്റ്റാൻഡ് വഴി മാർക്കറ്റ് ജംഗ്ഷനിലെ എംബാങ്ക്മെന്റ് ചുറ്റി നടന്ന റാലിയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ആളുകൾ പങ്കെടുത്തു. വികസനം ജനങ്ങൾക്ക് വേണ്ടിയാകണമെന്നും അത് ജനജീവിതത്തിന് ഭീഷണിയാകരുതെന്നും സമരസമിതി വ്യക്തമാക്കി. കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുക, അപകടരഹിതമായ റോഡുകൾ സാധ്യമാക്കുക, സുഗമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. തൂണുകളോട് കൂടിയ ആകാശപാത ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ ട്രഷറർ മഹമ്മൂദ് കോട്ടായി സ്വാഗതം പറഞ്ഞു. ചെയർമാൻ ടി.സി.വി. ശ്രീനാഥ് ശശി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡി. രാജൻ നന്ദി രേഖപ്പെടുത്തി.
സമരസമിതി പ്രവർത്തകരായ രാജു രാമൂട്ടി, എൻ.വി. പ്രഭു, ജയരാജൻ കെ.പി., പ്രകാശൻ കൊട്ടറ, കെ.വി. മനോജ്, വിനോദ്, വിജയൻ കൈപ്പാട്ടിൽ, അനൂപ്, രാജീവൻ അറുവാത്ത്, സി.എം. അശോക് കുമാർ, സൈനുദ്ദീൻ, ജോൺ ഐമെൻ, മധുസൂദനൻ, റൂബി, നളിനി, ഐഷബി, വിജയൻ എൻ.വി., അശോക് കുമാർ, പ്രമോദ്, ജയൻ നീലേശ്വരം തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.













Leave a Reply