നവംബർ 3 മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നവംബർ 3 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ എറണാകുളത്ത് ചേർന്ന വിവിധ ബസ് ഉടമ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് സമരം പ്രഖ്യാപിച്ചത്.

കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ ബസ് സർവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലായെന്ന് ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. പദ്ധതി നടപ്പിലാക്കിയതിനു ശേഷമുള്ള നാലുമാസത്തിനിടെ സ്വകാര്യ ബസുകൾക്ക് 800 കോടി രൂപയുടെ നഷ്ടമുണ്ടായതായി സംയുക്ത സമരസമിതി വ്യക്തമാക്കി. പ്രശ്നങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ ചർച്ചയ്ക്ക് തയാറായിട്ടില്ലെന്നും ഇവർ പറഞ്ഞു.

ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം, കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓർഡിനേഷൻ കമ്മിറ്റി, കേരള പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് സമരം സംബന്ധിച്ച തീരുമാനമെടുത്തത്.

പ്രധാന ആവശ്യങ്ങൾ:

  • സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസുകളിലും നടപ്പിലാക്കി, തത്തുല്യമായ തുക ഉടമകൾക്ക് സർക്കാർ നൽകുക.
  • മിനിമം ബസ് യാത്രാ നിരക്ക് 15 രൂപയായി ഉയർത്തുക.
  • ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ യാത്രാനിരക്കും കൺസഷനും വർധിപ്പിക്കുക.
  • സ്വകാര്യ ബസുകൾക്ക് ഡീസൽ വിലയിലെ നികുതി ഒഴിവാക്കി നൽകുക.
  • ഓൺലൈൻ ടൈമിങ് കോൺഫറൻസ് ഉത്തരവ് പിൻവലിക്കുക.
  • ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷൻ നടപടികൾ നിർത്തലാക്കുക.
  • ഗ്രാമവണ്ടികൾ സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുക.
  • ബസുകളുടെ പ്രവർത്തന കാലാവധി വർധിപ്പിക്കുകയും ഇൻഷുറൻസ് സർക്കാർ ഏറ്റെടുക്കുകയും ചെയ്യുക.

ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ നവംബർ 3 മുതൽ സർവീസുകൾ പൂർണമായും നിർത്തിവയ്ക്കാനാണ് സംഘടനകളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *