തട്ടിപ്പുകൾക്കെതിരെ പ്രവാസികൾ ജാഗ്രത പാലിക്കണം: കാസർകോട് പ്രവാസി കമീഷൻ സിറ്റിങ്ങിൽ 71 പരാതികൾ പരിഗണിച്ചു

കാസർകോട്: വിദേശത്ത് വിവിധ തരത്തിലുള്ള തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ പ്രവാസികൾക്കിടയിൽ ശക്തമായ ബോധവത്കരണം അനിവാര്യമാണെന്ന് കേരള പ്രവാസി കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പ്രവാസി കമീഷൻ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

സിറ്റിങ്ങിൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടവയാണെന്ന് ചെയർപേഴ്സൺ പറഞ്ഞു. വിദേശത്ത് പങ്കാളിത്ത ബിസിനസിൽ പണം നിക്ഷേപിക്കുകയും തുടർന്ന് പണം തിരികെ ലഭിക്കാതിരിക്കുകയും ചെയ്ത നിരവധി സംഭവങ്ങൾ കമീഷന്റെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ, പണം നൽകിയതിനോ ബിസിനസ് പങ്കാളിത്തത്തിനോ കൃത്യമായ രേഖകളോ എതിർകക്ഷികളുടെ വ്യക്തമായ വിലാസമോ പലരുടെയും പക്കലില്ലാത്തത് നിയമനടപടികൾക്ക് വലിയ തടസ്സമാകുന്നുണ്ട്. ഇത് പൊലീസിന് കേസെടുക്കുന്നതിനും കമീഷന് വിഷയത്തിൽ ഇടപെടുന്നതിനും പരിമിതികൾ സൃഷ്ടിക്കുന്നു. എന്നിരുന്നാലും, എംബസി വഴിയും നോർക്ക വഴിയും പരമാവധി പ്രശ്നങ്ങൾ പരിഹരിക്കാനാണ് കമീഷൻ ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിൽ ജോലിയും പഠനവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസുകളും പരിഗണനയ്ക്കെത്തി. ഉന്നത ബന്ധങ്ങളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങിയ ശേഷം ഏജന്റുമാർ ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്ന പ്രവണത വ്യാപകമാണ്. വ്യാജ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘടനകളെയും ഇടനിലക്കാരെയും കുറിച്ച് പ്രവാസികൾ ബോധവാന്മാരാകണമെന്നും, വിദേശ കാര്യങ്ങൾക്ക് നോർക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റും നമ്പറുകളും മാത്രം ആശ്രയിക്കണമെന്നും കമീഷൻ ഓർമ്മിപ്പിച്ചു.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഉണ്ടായിട്ടും കൂടുതൽ അന്താരാഷ്ട്ര സർവീസുകൾക്ക് അനുമതി ലഭിക്കാത്ത വിഷയത്തിൽ ലഭിച്ച പരാതിയിന്മേൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിവേദനം നൽകിയിട്ടുണ്ടെന്നും ജസ്റ്റിസ് സോഫി തോമസ് അറിയിച്ചു.

സിറ്റിങ്ങിൽ ആകെ 71 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 51 എണ്ണം പഴയ പരാതികളും 20 എണ്ണം പുതിയതുമാണ്. പ്രവാസി കമീഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നഈം, ജോസഫ് ദേവസ്യ പൊൻമാങ്കൽ, കമീഷൻ സെക്രട്ടറി ആർ. ജയറാം കുമാർ തുടങ്ങിയവരും സിറ്റിങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *