തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഐക്യദാർഢ്യ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും അമിത് ഷായും ജനങ്ങളെ പേടിച്ച് ഭയന്നുനിൽക്കുകയാണെന്നും ഈ പ്രതിഷേധം ഇവിടെ അവസാനിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
“ഇത് നേതാക്കൾ നയിക്കുന്ന സമരമല്ല, നാടിന്റെ യുവത്വമാണ് ഈ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്. ഒരു അഭിജിത്തിനെ നിങ്ങൾ അറസ്റ്റ് ചെയ്തേക്കാം, എന്നാൽ നൂറുകണക്കിന് അഭിജിത്തുമാരാണ് ഈ സമരത്തിലുള്ളത്. ഭീരുക്കൾ പാറ്റയെ പോലും പേടിക്കുന്നു. നമ്മുടെ കുട്ടികളെയും യുവാക്കളെയും അടിക്കാൻ ലാത്തി നൽകുകയും വനിതാ സമരക്കാരോട് മോശമായി പെരുമാറാൻ പൊലീസിന് അധികാരം നൽകുകയുമാണ് കേന്ദ്രം ചെയ്യുന്നത്,” പ്രകാശ് രാജ് കുറ്റപ്പെടുത്തി.
ധൈര്യമുണ്ടെങ്കിൽ സമരക്കാർക്ക് മുന്നിലേക്ക് ഗ്യാനേഷ് കുമാറുമായി വരാൻ കേന്ദ്ര നേതൃത്വം തയ്യാറാകുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. “ഗ്യാനേഷ് കുമാറിനെ കേന്ദ്രത്തിന് ഭയമാണ്; അവർക്ക് വേണ്ടി വഴിവിട്ട ഇടപാടുകൾ നടത്തിയതാണ് അതിന് കാരണം. ജന്തർ മന്ദിറിൽ അവർ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു, എന്നാൽ ഇവിടെയും ഇപ്പോൾ ജന്തർ മന്ദിറായി മാറിക്കഴിഞ്ഞു. രാജ്യം മുഴുവൻ ഇനി ജന്തർ മന്ദിറാകും,” പ്രകാശ് രാജ് വ്യക്തമാക്കി.
ഇതൊരു രാഷ്ട്രീയ പോരാട്ടമല്ലെന്നും രാജ്യത്തെ ജനാധിപത്യപ്രക്രിയ തിരിച്ചുപിടിക്കാനുള്ള പൗരന്മാരുടെ പോരാട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ യാതൊരു പങ്കുമില്ലാത്ത ആർഎസ്എസും ബിജെപിയുമാണ് ഇപ്പോൾ വന്ദേമാതരത്തിനായി വാദിക്കുന്നത്. നരേന്ദ്ര മോദിയുടെ ‘ഫ്രണ്ട്സ് റീൽ’ പരാമർശിച്ച പ്രകാശ് രാജ്, മോദി വെറുമൊരു ‘റീൽസ് കിങ്’ ആണെന്നും പരിഹസിച്ചു.
“ഈ സമരം രാജ്യം മുഴുവൻ അലയടിക്കും. നമ്മൾ തളരില്ല, ഈ രാജ്യത്തെ നമ്മൾ തിരിച്ചുപിടിക്കും. പുതിയൊരു ഇന്ത്യയെ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം യുവാക്കളുടെ കൈകളിലാണ്. ഒരു ഭയവുമില്ലാതെ മുന്നോട്ടുപോകണം. മോദിയോടും അമിത് ഷായോടും ബിജെപിയോടും ‘നിങ്ങളാണ് യഥാർത്ഥ രാജ്യദ്രോഹികൾ’ എന്ന് ഉറക്കെ പറയണം,” പ്രകാശ് രാജ് ആഹ്വാനം ചെയ്തു.















Leave a Reply