പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ ഇരട്ടക്കൊലപാതകം: ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ

പീരുമേട്: ഇടുക്കി പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീരുമേട് സ്വദേശി പ്രിൻസിനെയാണ് പൊലീസ് പിടികൂടിയത്. ആക്രമണത്തിൽ പ്രിൻസിന്റെ ഭാര്യ പ്രിയങ്ക, ഭാര്യാമാതാവ് വസന്ത (നേശം) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയുടെ പിതാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ പ്രിയങ്കയുടെ വീട്ടിലായിരുന്നു സംഭവം. പ്രിൻസും പ്രിയങ്കയും തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായും ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രിൻസ് ആദ്യം ഭാര്യാമാതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതിനുപിന്നാലെ വീടിന് പുറത്തിറങ്ങിയ പ്രിൻസ്, ജോലി കഴിഞ്ഞ് മടങ്ങിയെത്തുകയായിരുന്ന പ്രിയങ്കയെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

തടയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രിയങ്കയുടെ പിതാവിനും വെട്ടേറ്റത്. ഇദ്ദേഹത്തെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കസ്റ്റഡിയിലുള്ള പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *