സത്യസന്ധതയ്ക്ക് കയ്യടി; വഴിയരികിൽ നിന്ന് കിട്ടിയ പണവും രേഖകളും അടങ്ങിയ പഴ്‌സ് പൊലീസിന് കൈമാറി വിദ്യാർത്ഥികൾ

കാസർകോട്: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ, വലിയ തുകയും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്‌സ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായി ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികൾ. മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ സർഫാസ്, അക്ഷർ, അഫീസ്, ഇർഫാൻ, മിദ്ലാജ് എന്നിവരാണ് ഈ സത്യസന്ധതയിലൂടെ നാടിൻ്റെ പ്രശംസ പിടിച്ചുപറ്റിയത്.

ഇന്നലെ വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആരിക്കാടിയിലെ വീടിന് സമീപത്ത് വെച്ച് വിദ്യാർത്ഥികൾക്ക് റോഡരികിൽ കിടന്ന് പഴ്‌സ് ലഭിക്കുന്നത്. തുറന്നു നോക്കിയപ്പോൾ വലിയൊരു തുകയും പ്രധാനപ്പെട്ട രേഖകളും കാണപ്പെട്ടു. തുടർന്ന് മറ്റൊന്നും ആലോചിക്കാതെ ഇവർ കളഞ്ഞു കിട്ടിയ പഴ്‌സുമായി നേരെ കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് എത്തി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ ഏൽപ്പിക്കുകയായിരുന്നു.

പഴ്‌സിലുണ്ടായിരുന്ന രേഖകളുടെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉടമ മൊഗ്രാൽ പുത്തൂർ സ്വദേശിനി നബീസയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പഴ്‌സ് സുരക്ഷിതമായി കൈമാറി.

വിദ്യാർത്ഥികളുടെ ഈ മികച്ച പ്രവർത്തനത്തെയും സത്യസന്ധതയെയും കുമ്പള പൊലീസും സ്കൂൾ പി.ടി.എ കമ്മിറ്റിയും നാട്ടുകാരും ചേര്‍ന്ന് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *