മിനികൂപ്പർ അപകടം: കേസ് അട്ടിമറിക്കപ്പെടരുതെന്ന് മരിച്ച ഇയാസിൻ്റെ കുടുംബം; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

കാസർകോട്: നെടുമ്പാശ്ശേരി അത്താണിയിൽ അമിതവേഗതയിലെത്തിയ ആഡംബര കാറായ മിനി കൂപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ കേസ് അട്ടിമറിക്കപ്പെടാതിരിക്കാൻ സമഗ്രവും കൃത്യവുമായ അന്വേഷണം വേണമെന്ന് അപകടത്തിൽ മരിച്ച ഇയാസിൻ്റെ കുടുംബം കാസർകോട് ആവശ്യപ്പെട്ടു.

ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ അത്താണി ഭാഗത്തുണ്ടായ അപകടത്തിലാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേർ ദാരുണമായി മരണപ്പെട്ടത്. ദക്ഷിണ കന്നഡ ജാൽസൂർ സുന്നമൂല സ്വദേശിയായ ഇയാസ് (21), സുഹൃത്തുക്കളായ പാലക്കാട് സ്വദേശിനി ഗോപിക (22), വയനാട് സ്വദേശിനി ദേവിക (21) എന്നിവരാണ് മരിച്ചത്. അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.

തങ്ങളുടെ കുടുംബത്തിൻ്റെ ഏക അത്താണിയാണ് നഷ്ടപ്പെട്ടതെന്നും ഇതൊരു സാധാരണ വാഹനാപകടമായി കണ്ട് ലഘൂകരിക്കരുതെന്നും ഇയാസിൻ്റെ ബന്ധുക്കൾ കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു. 30 വർഷത്തോളം പ്രവാസിയായിരുന്ന ഇബ്രാഹിമിൻ്റെ മകനാണ് ഇയാസ്. പ്ലസ് ടു വിദ്യാർഥിനിയായ മകൾ മാത്രമാണ് ഇനി ഈ കുടുംബത്തിന് അവശേഷിക്കുന്നത്.

അപകടമുണ്ടാക്കിയ വാഹനം ഓടിച്ചയാൾക്കെതിരെയും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും, യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്ന തരത്തിൽ കാര്യക്ഷമമായ പൊലീസ് അന്വേഷണം ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *