മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ശരീരത്തില്‍ അഞ്ചിരട്ടി മദ്യം

കൊച്ചി: മൂന്ന് പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസില്‍ പ്രതി സുഹൈലിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താന്‍ എക്‌സൈസ് നീക്കം. അപകടസമയത്ത് സുഹൈലിന്റെ ശരീരത്തില്‍ അനുവദനീയമായ അളവിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന ശാസ്ത്രീയ പരിശോധനാ ഫലം വ്യക്തമാക്കുന്നത്.

തുടര്‍ച്ചയായി മൂന്ന് ബാറുകളില്‍ കയറിയാണ് സുഹൈല്‍ അമിതമായി മദ്യപിച്ച ശേഷം വാഹനമോടിച്ചത്. ഇതില്‍ നെടുമ്പാശ്ശേരിയിലെ ഒരു ബാറില്‍ മാത്രം മദ്യം കഴിക്കാനായി 4,396 രൂപ ചെലവിട്ടതായും കണ്ടെത്തിയിട്ടുണ്ട്. സുഹൈലിന് പരിധിവിട്ട് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരായ നടപടികളും എക്‌സൈസ് ശക്തമാക്കിയിട്ടുണ്ട്.

പൊലീസ് കസ്റ്റഡി കാലാവധി പൂര്‍ത്തിയായ പശ്ചാത്തലത്തില്‍, സുഹൈലിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും എക്‌സൈസ് സംഘം അറസ്റ്റ് രേഖപ്പെടുത്തുക. കടുത്ത നിയമലംഘനം വ്യക്തമായതോടെ സുഹൈലിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികളിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് കടന്നു. അപകടത്തില്‍പ്പെട്ട മിനി കൂപ്പര്‍ കാറിന്റെ പരിശോധന എംവിഡി പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാഹനത്തിന്റെ തകരാറുകള്‍ ഏതെങ്കിലും തരത്തില്‍ അപകടത്തിന് കാരണമായോ എന്നത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കും.

അതേസമയം, കേസിലെ പ്രതികളായ സുഹൈല്‍, സജീവ് എന്നിവരുടെ ജാമ്യഹര്‍ജി ഇന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. താന്‍ നിരപരാധിയാണെന്നും അമിത വേഗത്തിലല്ല വാഹനം ഓടിച്ചതെന്നുമാണ് സുഹൈലിന്റെ ജാമ്യാപേക്ഷയിലെ പ്രധാന വാദം. എന്നാല്‍ അമിത വേഗതയും ഗുരുതരമായ മദ്യലഹരിയും തെളിയിക്കുന്ന കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ നിരത്തി ജാമ്യാപേക്ഷയെ കോടതിയില്‍ ശക്തമായി എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *