ഹിദായത്ത് നഗറിൽ 18 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ; കാറും കസ്റ്റഡിയിലെടുത്തു

കാസർകോട്: സന്തോഷ് നഗറിൽ വിദ്യാനഗർ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. 18 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുഞ്ഞിക്കാനം ആത്തിഫ് മൻസിലിലെ മുഹമ്മദ് അൻഷീദ് (26), ചെർക്കള തായൽ ഹൗസിലെ സി. അബ്ദുൽ ഖാദർ (27) എന്നിവരാണ് അറസ്റ്റിലായത്.

ഹിദായത്ത് നഗറിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വിദ്യാനഗർ എസ്.ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ട നിലയിൽ കാർ കണ്ടെത്തിയത്.

തുടർന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്ത് വിശദമായി പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ നിന്ന് 18 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ലഹരി കടത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിദ്യാനഗർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *