ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വീണ്ടും വൻ വിള്ളൽ; വിവരങ്ങൾ മറച്ചുവെക്കാൻ റോഡിന് നടുവിൽ ലോറി നിർത്തിയിട്ടതായി ആക്ഷേപം

കാസർകോട്: ജില്ലയിലെ ചെറുവത്തൂർ മട്ടലായിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ വീണ്ടും വൻ വിള്ളൽ രൂപപ്പെട്ടു. മട്ടലായി ശിവക്ഷേത്രത്തിന് സമീപം റോഡിന് മധ്യഭാഗത്തായി 20 മീറ്ററിലധികം നീളത്തിലാണ് പുതിയ വിള്ളൽ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഇതേ സ്ഥലത്ത് വീണ്ടും റോഡ് പിളർന്നത്. എന്നാൽ, ഈ ഗുരുതരമായ അപാകത പൊതുജനങ്ങളുടെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ വിള്ളലിന് മുകളിലായി ഒരു ലോറി നിർത്തിയിട്ടിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിലെ തകരാർ മറച്ചുവെക്കാനുള്ള കരാർ കമ്പനിയുടെ തന്ത്രമാണിതെന്നാണ് ഉയരുന്ന ആക്ഷേപം.

ആശങ്കയോടെ നാട്ടുകാർ; അന്വേഷണം പ്രഖ്യാപിച്ച് കലക്ടർ

കഴിഞ്ഞ ആഴ്ചയും ഇതേ സ്ഥലത്ത് 50 മീറ്ററോളം നീളത്തിൽ വലിയ വിള്ളൽ രൂപപ്പെടുകയും റോഡിനെ വേർതിരിക്കുന്ന കോൺക്രീറ്റ് ഭിത്തി തകരുകയും ചെയ്തിരുന്നു. തുടർന്ന് കരാർ കമ്പനി ഇവിടെ റീ-ടാറിങ് നടത്തി താൽക്കാലികമായി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും, വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടത് നിർമാണത്തിലെ ഗുരുതരമായ അപാകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

“തുടർച്ചയായുണ്ടാകുന്ന വിള്ളലുകൾ പ്രദേശവാസികളെ വലിയ രീതിയിൽ ആശങ്കയിലാക്കുന്നുണ്ട്. കനത്ത മഴക്കാലം മുന്നിലെത്തി നിൽക്കെ, പാതയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർമാണ കമ്പനിക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.” – നാട്ടുകാർ പ്രതികരിച്ചു.

ദേശീയപാതയിൽ നിരന്തരം വിള്ളലുകൾ രൂപപ്പെടുന്ന പശ്ചാത്തലത്തിൽ കാസർകോട് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കാഞ്ഞങ്ങാട് ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്ത് പരിശോധന നടത്തി വരികയാണ്.

കരാർ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വിശദമായി പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *