മംഗളൂരുവിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് കാറും ആഭരണങ്ങളും കവർന്ന കേസ്: മലയാളി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മംഗളൂരു: മഹാരാഷ്ട്രയിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വർണവ്യാപാരിയെയും കുടുംബത്തെയും ദേശീയപാതയിൽ തടഞ്ഞുനിർത്തി കാറും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മലയാളി ഉൾപ്പെടെ മൂന്ന് പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പതിരിയാട് സ്വദേശി ആർ.കെ നിമിൽ (37), മടിക്കേരി സ്വദേശികളായ ഇർഷാദ് (40), മുസ്തഫ (49) എന്നിവരാണ് പിടിയിലായത്. കേസിൽ ആകെ 16 പ്രതികളാണുള്ളത്.

ജൂൺ 29ന് പുലർച്ചെ 2.45 ഓടെ മംഗളൂരു ബൈക്കംപാടിയിലെ ദേശീയപാത 66-ലായിരുന്നു സിനിമാ മോഡൽ കവർച്ച നടന്നത്. മഹാരാഷ്ട്രയിൽ നിന്ന് കുടുംബത്തോടൊപ്പം സ്വിഫ്റ്റ് ഡിസയർ കാറിൽ പയ്യന്നൂരിലേക്ക് വരികയായിരുന്നു സ്വർണവ്യാപാരിയായ വികാസ് സുബ്ബറാവു ധനവാഡെ (44). ബൈക്കംപാടിക്ക് സമീപമെത്തിയപ്പോൾ രണ്ട് ഇന്നോവ കാറുകളിലും ഒരു സ്വിഫ്റ്റ് കാറിലുമായി എത്തിയ മുഖംമൂടി സംഘം ഇവരുടെ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു.

തുടർന്ന് വാളുകൾ കാട്ടി ഭീഷണിപ്പെടുത്തുകയും വികാസിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. വികാസിന്റെ ഭാര്യയും മകനും ഉണ്ടായിരുന്ന കാർ സംഘം നിർബന്ധപൂർവ്വം തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് കുറച്ചുദൂരം സഞ്ചരിച്ച ശേഷമാണ് കുടുംബത്തെ വഴിയിൽ ഇറക്കിവിട്ടത്. 180 ഗ്രാമോളം വരുന്ന സ്വർണ്ണാഭരണങ്ങൾ (ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്നത്), രണ്ട് മൊബൈൽ ഫോണുകൾ, 3 ലക്ഷം രൂപ വിലയുള്ള കാർ എന്നിവയാണ് സംഘം കവർന്നത്. സംഭവത്തിൽ പനമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിനിടെ, കൊള്ളയടിക്കപ്പെട്ട മാരുതി ഡിസയർ കാർ ജൂൺ 30ന് ബണ്ട്വാളിലെ പചിനഡ്‌കയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്ത നിലയിൽ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി. തുടർന്ന് പൊലീസ് ഇത് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ ചാലയിൽ വെച്ചാണ് ആർ.കെ നിമിലിനെ കർണാടക പൊലീസ് പിടികൂടിയത്. പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയതിനാണ് മടിക്കേരി പൊന്നംപേട്ടയിൽ നിന്ന് ഇർഷാദിനെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിക്ക് കാർ നൽകി സഹായിച്ച മുസ്തഫയെ മുർനാട് ജംഗ്ഷനിലെ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

14 പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നും, മറ്റ് രണ്ടുപേർ ഇവർക്ക് സഹായവും ഒളിത്താവളവും ഒരുക്കി നൽകിയവരാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവരെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *