മംഗളൂരുവിൽ കനത്ത മഴ: മതിൽ ഇടിഞ്ഞുവീണ് വീട് തകർന്നു; സ്ത്രീയും രണ്ട് കുട്ടികളും മരിച്ചു

മംഗളൂരു: കനത്ത മഴയെത്തുടർന്ന് മതിൽ ഇടിഞ്ഞുവീണ് വീട് തകർന്ന് മൂന്ന് പേർ മരിച്ചു. ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. കങ്കനാടി നഗോരിയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ സംഭവം.

ബീഹാർ സ്വദേശികളായ ശാന്ത (46), അനാമിക ചൗരസ്യ (8), പാരി (4) എന്നിവരാണ് മരണപ്പെട്ടത്. കഴിഞ്ഞ ഇരുപത് വർഷമായി ഈ കുടുംബങ്ങൾ മംഗളൂരുവിലാണ് താമസിച്ചുവരുന്നത്.

ബുധനാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തകർന്ന ഓടിട്ട വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മൂന്ന് പേരെ പ്രദേശവാസികളും ദേശീയ ദുരന്ത പ്രതികരണ സേനയും (NDRF) ചേർന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ ബാലകൃഷ്ണ (48), അൽക (14), അനുഷ (11) എന്നിവരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട്-മൂന്ന് ദിവസമായി പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് വീടിനോട് ചേർന്നുള്ള മൺതിട്ടയോടുകൂടിയ മതിൽ ഇടിഞ്ഞ് വീടിലേക്ക് പതിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. മരണപ്പെട്ട കുട്ടികൾ ഒരു കുടുംബത്തിലെയും, സ്ത്രീ മറ്റൊരു കുടുംബത്തിലെയും അംഗങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *