കുമ്പള: ടൗണിൽ കുമ്പള ഗ്രാമപഞ്ചായത്ത് അധികൃതരും പൊലീസും ചേർന്ന് ഏർപ്പെടുത്തിയ പുതിയ ഗതാഗത പരിഷ്കരണം വീണ്ടും പാളി. റോഡിൽ സിമന്റ് കട്ടകളും ബാരിക്കേഡുകളും സ്ഥാപിച്ച് ഗതാഗതം തടഞ്ഞതോടെ ടൗണിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച വൈകിട്ട് അരമണിക്കൂറിനിടെ നാല് വാഹനാപകടങ്ങളാണ് ടൗണിലുണ്ടായത്.
കെഎസ്ആർടിസി ബസ് കാറിലിടിച്ചും, മറ്റൊരു ബസ് മറ്റ് സ്വകാര്യ വാഹനങ്ങളിലിടിച്ചുമാണ് അപകടങ്ങൾ ഉണ്ടായത്. തുടർന്ന് കെഎസ്ടിപി റോഡിൽ അരമണിക്കൂറോളം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പുതിയ ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്തെ യുടേൺ ബാരിക്കേഡ് വെച്ച് അടച്ചതാണ് നിലവിലെ കുരുക്കിന് പ്രധാന കാരണമായത്. വ്യാപാരികളുടെ സമ്മർദ്ദത്തെ തുടർന്നാണ് പഞ്ചായത്ത് ഈ നടപടി സ്വീകരിച്ചതെന്നാണ് വിവരം.
ബസ് ഉടമകളുടെ പ്രതിഷേധം; സമയം നഷ്ടപ്പെടുന്നതായി പരാതി
പുതിയ ഗതാഗത പരിഷ്കരണത്തിൽ ബസ് ഉടമകളും ജീവനക്കാരും ശക്തമായ അതൃപ്തിയിലാണ്. ബസ് സ്റ്റാൻഡ് ഒഴിവാക്കി വെയിറ്റിംഗ് ഷെഡുകളിലാണ് നിലവിൽ ബസുകൾ നിർത്തിയിടുന്നത്. എന്നാൽ ബദിയടുക്ക, സീതാംഗോളി, പെർള, പേരാൽ കണ്ണൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിർദേശം.
ബസ് ജീവനക്കാർ പഞ്ചായത്തിന്റെ നിർദേശം പാലിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പുതിയ ബസ് ഷെൽട്ടറിന് സമീപത്തെ റോഡ് സിമന്റ് കട്ടകളും ബാരിക്കേഡുകളും വെച്ച് അടച്ചത്. ഇതോടെ ബദിയടുക്ക ഭാഗത്തുനിന്ന് വരുന്ന ബസുകൾക്ക് പുതിയ ബസ് ഷെൽട്ടറിലെത്താൻ പഴയ ബസ് സ്റ്റാൻഡ് സർക്കിൾ വഴി ഒരു കിലോമീറ്ററോളം അധികമായി ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. ഇത് യാത്രാസമയത്തെ കാര്യമായി ബാധിക്കുന്നുവെന്ന് ബസ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
തർക്കം ആറുമാസമായി; സമരം പ്രഖ്യാപിച്ച് ബസ് ജീവനക്കാർ
കുമ്പളയിലെ ഗതാഗത ക്രമീകരണം സംബന്ധിച്ച് പഞ്ചായത്തും ബസ് ഉടമകളും തമ്മിൽ കഴിഞ്ഞ ആറുമാസമായി തർക്കം നിലനിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി നടപടികൾ നിലനിൽക്കെയാണ് പഞ്ചായത്ത് അധികൃതർ ഏകപക്ഷീയമായി ഗതാഗത പരിഷ്കരണം നടത്തുന്നതെന്ന് ബസ് ജീവനക്കാർ ആരോപിക്കുന്നു. വ്യാപാരികൾ മാത്രമാണ് പഞ്ചായത്തിന്റെ നടപടിയെ പിന്തുണയ്ക്കുന്നത്.
ബാരിക്കേഡുകളും സിമന്റ് കട്ടകളും മാറ്റി അടച്ച റോഡ് ഉടൻ തുറന്നു കൊടുക്കണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം. അല്ലാത്തപക്ഷം പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ പ്രത്യക്ഷ സമരങ്ങളിലേക്ക് കടക്കുമെന്നും ബസ് ജീവനക്കാർ മുന്നറിയിപ്പ് നൽകി.














Leave a Reply