കാസർഗോഡ്: ജനബാഹുല്യം കൊണ്ടും അമിതമായ ജോലിഭാരം കൊണ്ടും ജനങ്ങളും ഉദ്യോഗസ്ഥരും ഒരുപോലെ വീർപ്പുമുട്ടുന്ന കുഡ്ലു ഗ്രൂപ്പ് വില്ലേജ് അടിയന്തരമായി വിഭജിക്കണമെന്ന ആവശ്യവുമായി മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിന് നിവേദനം നൽകി.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വില്ലേജുകളിലൊന്നാണ് കുഡ്ലു വില്ലേജ്. ഇതിന്റെ വിഭജനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുകൂലമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ വില്ലേജ് ഓഫീസിലെത്തുന്ന പൊതുജനങ്ങളും അവിടുത്തെ ജീവനക്കാരും കടുത്ത പ്രയാസങ്ങളാണ് അനുഭവിച്ചു വരുന്നത്. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉടൻ ഉണ്ടാകണമെന്നാണ് നിവേദനത്തിലൂടെ കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിഷയം റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ഇത് അനുഭാവപൂർവ്വം പരിഗണിക്കാമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകിയതായി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് യു. വേലായുധൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഹനീഫ് ചേരങ്കൈ, മണ്ഡലം സെക്രട്ടറി മുഹമ്മദലി എന്നിവർ അറിയിച്ചു.













Leave a Reply