കാസർകോട് 31 കിലോ കഞ്ചാവ് കടത്തിയ കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

കാസർകോട്: ഹോണ്ട സിറ്റി കാറിൽ കടത്തുകയായിരുന്ന 31 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് അതിഞ്ഞാൽ തെക്കേപ്പുറം സ്വദേശി ടി.എം ഷമീർ (40), നീലേശ്വരം ബങ്കളം സെഞ്ച്വറി ഹൗസിൽ ടി. ഷംസീർ (32) എന്നിവരാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

കേസിലെ മുഖ്യപ്രതികളായ ബേക്കൽ പള്ളിക്കര ബിലാൽ നഗർ സ്വദേശി കബീർ എന്ന ലാലാ കബീർ (40), കാഞ്ഞങ്ങാട് കൊവ്വൽ ആവിക്കര സ്വദേശി മുഹമ്മദ് മിർഷാൻ (34) എന്നിവരെ നേരത്തെ പൊലീസ് കയ്യോടെ പിടികൂടിയിരുന്നു. ജൂലൈ നാലിന് രാവിലെ ആരിക്കാടി ടോൾപ്ലാസയ്ക്ക് സമീപം വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇവർ പിടിയിലാകുന്നത്.

നിലവിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ലഹരിക്കടത്തിലെ മറ്റ് പങ്കാളികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ മറ്റ് രണ്ട് പ്രതികൾ കൂടി വലയിലായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *