കാസർകോട്: ബന്തടുക്കയിൽ എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധനയിൽ ഒരു കിലോ കഞ്ചാവുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് അറസ്റ്റിൽ. ബന്തടുക്കയിലെ ബഹുനില കെട്ടിടത്തിനുള്ളിൽ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്തടുക്ക എക്സൈസ് ഇൻസ്പെക്ടർ ഷഹബാസ് അഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ഉത്തർപ്രദേശ്, ഫാറൂഖാബാദ്, ഗഞ്ചി സ്വദേശിയായ സർവേശ് കുമാർ (31) ആണ് അറസ്റ്റിലായത്.
പ്രദേശത്തെ ഒരു ബഹുനില കെട്ടിടത്തിൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചുവെച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം പരിശോധനയ്‌ക്കെത്തിയത്. തുടർന്ന് കെട്ടിടത്തിനുള്ളിൽ തിരച്ചിൽ നടത്തുകയും പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിൽ ഒരു കിലോ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.
റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ രമേഷ് ബാബു, സി.ഇ.ഒ-മാരായ ജോബി കെ.പി., സുബിൻ ഫിലിപ്, ജസ്‌ന, കെ. ചന്ദ്രൻ എന്നിവരും പങ്കെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും, ലഹരിമരുന്ന് എത്തിച്ച സ്രോതസ്സിനെക്കുറിച്ചും എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.













Leave a Reply