ജോലി വാഗ്ദാനം ചെയ്ത് 23 ലക്ഷം തട്ടിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ; പണം മാറ്റിയത് ക്രിപ്റ്റോ കറൻസിയാക്കി

കോഴിക്കോട്: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. ബംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് നരിക്കുനി സ്വദേശിയായ യുവാവിൽ നിന്നും സുഹൃത്തിൽ നിന്നുമായി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. ബിഗ് ബോസ് മുൻ താരം ബ്ലെസ്‌ലി ഉൾപ്പെടെയുള്ളവർ നേരത്തെ ഈ കേസിൽ അറസ്റ്റിലായിരുന്നു. നിലവിൽ പിടിയിലായ അഷ്മിൽ കേസിലെ പന്ത്രണ്ടാം പ്രതിയാണ്.

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ടെലഗ്രാം വഴിയാണ് തട്ടിപ്പ് സംഘം ഇരകളുമായി ബന്ധം സ്ഥാപിച്ചത്. ഓൺലൈൻ ജോലി വാഗ്ദാനം നൽകി വിശ്വസിപ്പിച്ച ശേഷം, 2025 മെയ് 1 മുതൽ 5 വരെയുള്ള ദിവസങ്ങളിലായി പല ഘട്ടങ്ങളായാണ് പ്രതികൾ 23 ലക്ഷം രൂപ കൈക്കലാക്കിയത്.

തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്റ്റോ കറൻസിയാക്കി മാറ്റി വിദേശത്തേക്ക് കടത്തുന്നതാണ് ഇവരുടെ പ്രധാന രീതിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് ശൃംഖലയിലെ കൂടുതൽ പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *