മാതൃകയായി ഹരിത കർമസേന; പൊയിനാച്ചിയിൽ മാലിന്യത്തിനിടയിൽ നിന്ന് കിട്ടിയ സ്വർണമാലയും പണവും ഉടമയ്ക്ക് തിരികെ നൽകി

കാസർകോട്: മാലിന്യ ശേഖരണത്തിനിടയിൽ ലഭിച്ച രണ്ട് പവൻ സ്വർണമാലയും മുപ്പതിനായിരത്തിലധികം രൂപയും ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമസേനാംഗങ്ങൾ മാതൃകയായി. പള്ളിക്കര പഞ്ചായത്തിലെ 10, 11 വാർഡുകളിലെ ഹരിത കർമസേന പ്രവർത്തകരായ കമല എൻ., മമത എന്നിവരാണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത്.

പൊയിനാച്ചി പറമ്പിലെ കൃഷ്ണന്റെ വീട്ടിൽ നിന്ന് മാലിന്യം ശേഖരിച്ച് തരംതിരിക്കുന്നതിനിടെയാണ് സ്വർണവും പണവും അടങ്ങിയ പഴയ സഞ്ചി ശ്രദ്ധയിൽപ്പെട്ടത്.

പഴയ സഞ്ചിക്കുള്ളിൽ സൂക്ഷിച്ച നിധി

കൃഷ്ണന്റെ ഭാര്യ ജാനകി അടുത്തിടെ മരണപ്പെട്ടിരുന്നു. അവർ ഉപയോഗിച്ചിരുന്ന ചെറിയൊരു സഞ്ചിയിൽ ചീർപ്പ്, പൗഡർ എന്നിവയായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് മാലിന്യങ്ങളുടെ കൂട്ടത്തിലേക്ക് മാറ്റിയിരുന്നത്.

ശേഖരിച്ച മാലിന്യങ്ങൾ തരംതിരിക്കുന്ന സമയത്ത് ഹരിതസേനാംഗങ്ങൾ ഈ സഞ്ചി തുറന്നു പരിശോധിച്ചപ്പോഴാണ് ഒരു കടലാസിൽ പൊതിഞ്ഞ പേഴ്‌സിനുള്ളിൽ 2 പവന്റെ സ്വർണമാലയും, മറ്റൊരു കടലാസ് പൊതിയിൽ 30,000-ത്തിലധികം രൂപയും കണ്ടെത്തിയത്.

കുടുംബത്തിന് കൈമാറി

തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഹരിത കർമസേനാംഗങ്ങൾ സ്വർണവും പണവും ഗൃഹനാഥനായ കൃഷ്ണന് നേരിട്ട് കൈമാറി. കളഞ്ഞുപോയെന്ന് കരുതിയ വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി തിരികെ എത്തിച്ച ഹരിതസേന പ്രവർത്തകരുടെ ഈ നന്മയ്ക്ക് കൃഷ്ണനും കുടുംബവും നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *