മെഴുക് നിറച്ച വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് ലക്ഷങ്ങൾ തട്ടി; ചെങ്കള സ്വദേശിക്കെതിരെ കേസ്

കാസർകോട്: അകത്ത് മെഴുക് നിറച്ച് പുറത്ത് സ്വർണം പൂശിയ വ്യാജ ആഭരണങ്ങൾ പണയം വെച്ച് ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ചെങ്കള സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. ചെങ്കള സ്വദേശി അബ്ദുൽ മജീദി(52)നെതിരെയാണ് കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

മണപ്പുറം ഫൈനാൻസ് ലിമിറ്റഡ് കാസർകോട് ബ്രാഞ്ച് മാനേജർ യു.വി. കിരൺകുമാറിന്റെ പരാതിയിലാണ് നടപടി.

അബ്ദുൽ മജീദ് അകത്ത് മെഴുക് നിറച്ച് സ്വർണം പൂശിയ രണ്ട് വളകളും ഒരു നെക്ലേസും ഉൾപ്പെടെ ആകെ 108.407 ഗ്രാം തൂക്കം വരുന്ന വ്യാജ ആഭരണങ്ങളാണ് കാസർകോട്ടെ മണപ്പുറം ഫൈനാൻസ് ശാഖയിൽ പണയം വെച്ചത്. ഇവ ഈടായി നൽകി ഒരുവർഷത്തേക്ക് 11,44,000 രൂപ ഇയാൾ വായ്പയായി കൈപ്പറ്റുകയായിരുന്നു.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പണയം വെച്ച ആഭരണങ്ങൾ വ്യാജമാണെന്നും ഉള്ളിൽ മെഴുക് നിറച്ചതാണെന്നും കണ്ടെത്തുന്നത്. പലിശയടക്കം 2,78,658 രൂപയുടെ സാമ്പത്തിക നഷ്ടം സ്ഥാപനത്തിന് വരുത്തിവെച്ചതായാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ കാസർകോട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *