നവവധു ക്രൂരമര്‍ദനത്തിനിരയായ സംഭവം: ഭര്‍ത്താവ് നന്ദുവിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍

ചവറ( കൊല്ലം): സൗദിയില്‍ നവവധു ഭര്‍ത്താവ് നന്ദുവിന്റെ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ ചവറ പൊലീസ് അന്വേഷണം തുടങ്ങി. സൗദിയിലുള്ള നന്ദുവിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നടപടി തുടങ്ങി.

ഇന്ത്യയില്‍ ഏത് എയര്‍പോര്‍ട്ടില്‍ വന്നാലും അറസ്റ്റ് ചെയ്യാനുള്ള നടപടിയുടെ ഭാഗമാണിത്. ശരീരമാകെ ഗുരുതര പരുക്കേറ്റ നിലയില്‍ നാട്ടിലെത്തിയ നീണ്ടകര മണ്ണാത്തറ അനഘ മന്ദിരത്തില്‍ അഞ്ജു (24) ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചവറ സിഐ എസ്.ശിവലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ജില്ലാ ആശുപത്രിയില്‍ എത്തി യുവതിയുടെ മൊഴിയെടുത്തു.

നേരത്തെ യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി ഭര്‍ത്താവ് നീണ്ടകര മുണ്ടകത്തില്‍ വീട്ടില്‍ നന്ദു ദിനേശ്, മാതാപിതാക്കളായ ദിനേശ്, ജഗദമ്മ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നന്ദുവിന്റെ മാതാപിതാക്കള്‍ ഒളിവിലാണ്. അമ്മ ജഗദമ്മ സിപിഐ നേതാവും നീണ്ടകര മുന്‍ പഞ്ചായത്തംഗവുമാണ്.

സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞെന്ന് ആരോപിച്ചും മര്‍ദിച്ചെന്നാണു പരാതി. ജൂലൈ 27 നായിരുന്നു വിവാഹം. കഴിഞ്ഞമാസം 4 നാണ് അഞ്ജു സൗദിയിലേക്ക് പോയത്. ഫ്‌ലാറ്റില്‍ പൂട്ടിയിട്ടശേഷം കുക്കര്‍, ഇടിക്കല്ല്, ചൂല്‍, മോപ്, ബെല്‍റ്റ് ലാപ്‌ടോപ് ചാര്‍ജര്‍ എന്നിവ ഉപയോഗിച്ചു മര്‍ദിച്ചെന്നാണു യുവതി നല്‍കിയ മൊഴിയില്‍ പറയുന്നത്. അഞ്ജുവിന്റെ ശരീരമാകെ ക്രൂരമര്‍ദനത്തിന്റെ പാടുകളും മുറിവുകളുമുണ്ട്. സെപ്റ്റംബര്‍ 30നു നാട്ടിലേക്കു തിരികെ വിടുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന അഞ്ജുവിനെ ഇന്നലെ സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *