മദ്യപിച്ച് ലക്കുകെട്ട് ജീപ്പോടിച്ച ലഹരിവിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട: ലഹരിക്കെതിരെ പോരാടേണ്ടവർ തന്നെ മദ്യപിച്ച് ബോധമില്ലാതെ പൊലീസ് വാഹനം നിരത്തിലിറക്കി അത്യന്തം നാടകീയ രംഗങ്ങൾക്കൊടുവിൽ സസ്പെൻഷനിൽ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് (DANSAF) സംഘത്തിലുള്ള മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരെയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അടിയന്തരമായി സസ്പെൻഡ് ചെയ്തത്.

സിവിൽ പൊലീസ് ഓഫീസർമാരായ സുമൻ, പ്രിയേഷ്, രാഹുൽ എന്നിവർക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ അതിവേഗ നടപടി. ഇവർ സഞ്ചരിച്ച ഔദ്യോഗിക ജീപ്പ് ഓടിച്ചിരുന്ന പ്രിയേഷ് എന്ന ഉദ്യോഗസ്ഥൻ സീറ്റിൽ കിടന്നുകൊണ്ടാണ് വാഹനം ഓടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

നാട്ടുകാർ തടഞ്ഞു; രണ്ട് പേർ ഓടി രക്ഷപെട്ടു!

അർദ്ധരാത്രിയിൽ നിയന്ത്രണം വിട്ട രീതിയിൽ പൊലീസ് ജീപ്പ് പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ വാഹനം തടയുകയായിരുന്നു. നാട്ടുകാർ വളഞ്ഞതോടെ ജീപ്പിലുണ്ടായിരുന്ന സുമൻ, രാഹുൽ എന്നിവർ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു. എന്നാൽ ലക്കുകെട്ട അവസ്ഥയിലായിരുന്ന ഡ്രൈവർ പ്രിയേഷിന് വണ്ടിയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. വലിയ അപകടങ്ങളാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

എന്താണ് ഡാൻസാഫ്? ജില്ലാ പൊലീസ് മേധാവി നേരിട്ട് നിയന്ത്രിക്കുന്ന അതിശക്തമായ ലഹരിവിരുദ്ധ വേട്ട സംഘമാണ് ഡാൻസാഫ് (District Anti-Narcotics Special Action Force). ലഹരിക്കടത്ത് പിടികൂടേണ്ട സംഘം തന്നെ ലഹരിയിൽ മുങ്ങി നാടുറങ്ങുന്ന നേരത്ത് പാതിരാത്രിയിൽ വണ്ടിയോടിച്ചത് സേനയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

അർദ്ധരാത്രിയിൽ തന്നെ ‘തൂഫാൻ’ നടപടി!

സംസ്ഥാനത്ത് ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നതിനിടയിലാണ് പൊലീസിനെ ആകെ നാണംകെടുത്തുന്ന ഈ സംഭവം അരങ്ങേറിയത്. സംഭവം ഗൗരവമായെടുത്ത ജില്ലാ പൊലീസ് മേധാവി (എസ്പി) ഒട്ടും സമയം കളയാതെ അർദ്ധരാത്രിയിൽ തന്നെ മൂന്ന് പേരെയും സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുകയായിരുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *