പെരിയ: കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയിൽ നിന്നുള്ള മാലിന്യജല പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. സർവകലാശാലാ വളപ്പിൽ പുതിയ കോൺക്രീറ്റ് മലിനജല സംസ്കരണ പ്ലാന്റ് മൂന്ന് മാസത്തിനകം നിർമ്മിക്കുമെന്ന് സർവകലാശാല അധികൃതർ ഉറപ്പ് നൽകി. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സർവകലാശാല അധികൃതരുമായി നടത്തിയ ചർച്ചയിലാണ് നിർണായക തീരുമാനം.
കഴിഞ്ഞ മഴക്കാലത്ത് സർവകലാശാലയിലെ മാലിന്യ പ്ലാന്റ് കവിഞ്ഞൊഴുകി സമീപപ്രദേശങ്ങളായ അജാനൂർ പഞ്ചായത്തിലെ കളിയങ്ങാണം, തണ്ണോട്ട് ഭാഗങ്ങളിലേക്ക് എത്തിയത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. മാലിന്യജലം കാരണം പ്രദേശത്തെ കുട്ടികൾക്ക് രോഗബാധയുണ്ടായെന്ന നാട്ടുകാരുടെ പരാതിയിൽ ബേക്കൽ പോലീസ് സർവകലാശാല അധികൃതർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കർമ്മസമിതിയും രൂപീകരിച്ചു.
പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ, അജാനൂർ, പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റുമാർ, കർമ്മസമിതി ഭാരവാഹികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് കേന്ദ്ര സർവകലാശാല രജിസ്ട്രാർ പ്രൊഫ. വി.ബി. സമീർ കുമാറുമായി കൂടിക്കാഴ്ച നടത്തിയത്.
ഒരു ലക്ഷം ലിറ്റർ കൊള്ളുന്ന കോൺക്രീറ്റ് ചെയ്യപ്പെട്ട അത്യാധുനിക മലിനജല സംസ്കരണ പ്ലാന്റിന്റെ പ്ലാൻ പൂർത്തിയായതായി രജിസ്ട്രാർ അറിയിച്ചു. ഇതിന്റെ രൂപരേഖ പുല്ലൂർ-പെരിയ പഞ്ചായത്തിന് കൈമാറും. മൂന്നാഴ്ചക്കകം ടെൻഡർ നടപടികൾ പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് ഉറപ്പ്.
തുടർന്ന് വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. ആൽഗൂരുമായി നടത്തിയ ചർച്ചയിലും നടപടികൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രദേശവാസികളുടെ ക്ഷേമത്തിന് തടസ്സമാകുന്ന ഒരു നടപടിയും സർവകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ജനങ്ങളെ ചേർത്തുപിടിച്ചേ മുന്നോട്ടുപോകൂ എന്നും വി.സി ഉറപ്പുനൽകി.














Leave a Reply