കാസർകോട്: സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ഇൻഡിപെൻഡൻസ് ട്രോഫി 2026 സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജിഎച്ച്എസ്എസ് ചന്ദ്രഗിരി ജേതാക്കളായി.
ചെർക്കള നൂൺ അറീന ഇൻഡോർ ടർഫിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ജിഎച്ച്എസ്എസ് ആലംപാടിയെ പരാജയപ്പെടുത്തിയാണ് ചന്ദ്രഗിരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കിരീടം ചൂടിയത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പ്രമുഖരായ പത്തോളം ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ജേതാക്കൾക്കും റണ്ണറപ്പുകൾക്കും ക്രിസ്റ്റൽ മാതൃകയിൽ രൂപകൽപ്പന ചെയ്ത മനോഹരമായ ട്രോഫിയും പ്രൈസ് മണിയും സമ്മാനമായി നൽകി.
സമാപന ചടങ്ങും സമ്മാനദാനവും
വൈകുന്നേരം നടന്ന സമാപന-സമ്മാനദാന ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അർജുൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മറിയ മാഹിൻ സ്വാഗതം പറഞ്ഞു. ബദിയടുക്ക സർക്കിൾ ഇൻസ്പെക്ടർ അനു കൃഷ്ണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള സന്തോഷ് ട്രോഫി താരം ദിൽഷാദ് മൊഗ്രാൽ മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്ല ചെർക്കള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിബി ജയിംസ്, സോയാ ലത്തീഫ്, ഷാഹിദ് അഫ്സൽ, സഫീന, നസീമ, സക്കീന അബ്ദുല്ല, കിഷോർ ടി.എ, അഹമ്മദ് കബീർ, ബച്ചി ചെർക്കള, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥൻ ജയസൂര്യ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കാദർ മാന്യ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.














Leave a Reply