ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ്: പഴയ ചലാനുകൾ തീർപ്പാക്കാൻ സുവർണാവസരം

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പും പൊലീസും ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് ചലാനുകൾ തീർപ്പാക്കാൻ വീണ്ടും അവസരം. 2026 മാർച്ച് 31-ന് മുൻപ് തയ്യാറാക്കിയതും കോടതി നടപടികളിലേക്ക് കടക്കാത്തതുമായ എല്ലാ ട്രാഫിക് ചലാനുകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാവുന്നതാണ്.

2026 നവംബർ ഒന്ന് മുതൽ 2027 ജനുവരി 31 വരെയാണ് ഈ ഇളവ് ലഭ്യമാകുക.

പെൻഡിങ് ചലാനുകൾ ഉള്ളവർ ഉടൻ അടയ്ക്കണം

ട്രാഫിക് ചലാനുകൾ തീർപ്പാക്കാതെ കിടക്കുന്ന വാഹനങ്ങൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കും ആർ.ടി.ഒ സേവനങ്ങൾ നൽകുന്നത് തടയാനുള്ള കർശന നിയമം ഉടൻ പ്രാബല്യത്തിൽ വരികയാണ്. ഈ സാഹചര്യത്തിൽ വാഹന ഉടമകളും ഡ്രൈവർമാരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി കുടിശ്ശികകൾ തീർക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

ഓൺലൈനായി എങ്ങനെ അടയ്ക്കാം?

റോഡ് നിയമലംഘനത്തിനുള്ള പിഴ അടയ്ക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലായ echallan.parivahan.gov.in സന്ദർശിക്കുക. സൈറ്റിൽ വാഹന നമ്പറോ ലൈസൻസ് നമ്പറോ ചലാൻ നമ്പറോ നൽകി പരിശോധിച്ച ശേഷം ഓൺലൈൻ പേയ്‌മെന്റ് വഴി തുക അടയ്ക്കാവുന്നതാണ്.

കോടതിയിലേക്ക് പോയ ചലാനുകൾ എങ്ങനെ തിരിച്ചെടുക്കാം?

നേരത്തെ കോടതിയിലേക്ക് കൈമാറിയ ചലാനുകൾക്ക് ഈ ഇളവ് നേരിട്ട് ലഭിക്കില്ല. എന്നാൽ ഇവ കോടതിയിൽ നിന്ന് തിരിച്ചെടുക്കാനുള്ള (Court Revert) സൗകര്യമുണ്ട്. ഇതിനായി ചലാൻ തയ്യാറാക്കിയ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനെയോ മോട്ടോർ വാഹന വകുപ്പ് ഓഫീസിനെയോ സമീപിക്കണം. ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രത്യേക അദാലത്തുകളും സംഘടിപ്പിക്കാറുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *