കാസർകോട് വിവാഹവാർഷിക കേക്കിൽ പൂപ്പൽ: കുട്ടികളടക്കം 6 പേർ ആശുപത്രിയിൽ; ബേക്കറി പൂട്ടിച്ച് ആരോഗ്യ വിഭാഗം

കാസർകോട്: വിവാഹ വാർഷിക ആഘോഷത്തിനായി വാങ്ങിയ കേക്കിൽ പൂപ്പൽ കണ്ടതിനെ തുടർന്ന് കുട്ടികളടക്കം ആറ് പേർ ആശുപത്രിയിൽ ചികിത്സ തേടി. കാസർകോട് പരപ്പയിലെ ‘സ്വീറ്റി ബേക്കറി’യിൽ നിന്ന് വാങ്ങിയ കേക്കിലാണ് പൂപ്പൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തുകയും ബേക്കറി പൂട്ടിച്ച് നോട്ടീസ് നൽകുകയും ചെയ്തു.

കനകപ്പള്ളി സ്വദേശിയായ സലീമിന്റെ വിവാഹ വാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ചയാണ് ബന്ധുക്കൾ ബേക്കറിയിൽ നിന്ന് കേക്ക് വാങ്ങിയത്. ആഘോഷത്തിനിടെ കുട്ടികളടക്കമുള്ളവർ കേക്ക് കഴിച്ചതിന് ശേഷം രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കേക്കിൽ പൂപ്പൽ പിടിച്ചതായി ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് കേക്ക് കഴിച്ച ആറുപേർക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

സംഭവത്തിൽ സലീം പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന് ഔദ്യോഗികമായി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ബേക്കറിയിൽ നേരിട്ടെത്തി പരിശോധന നടത്തി. ഇവിടുന്ന് പഴകിയതും ഉപയോഗശൂന്യവുമായ മറ്റ് ഭക്ഷണപദാർത്ഥങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് സ്ഥാപനത്തിന് നോട്ടീസ് നൽകുകയും ബേക്കറിയുടെ പ്രവർത്തനം താൽക്കാലികമായി പൂട്ടിപ്പിക്കുകയും ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *