കുമ്പള: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒറ്റപ്പെട്ടുപോയ ഷിറിയ നിവാസികൾക്ക് അടിപ്പാതയല്ല, പകരം മേൽപ്പാലമാണ് വേണ്ടതെന്ന ആവശ്യം ശക്തമാകുന്നു. ആരിക്കാടിയിലേയും റെയിൽവേയിലെയും അടിപ്പാതകളിൽ ചെറിയ മഴ പെയ്താൽ പോലും വെള്ളം കെട്ടിക്കിടന്ന് വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മഴക്കാലത്ത് യാത്ര ചെയ്യാൻ സാധിക്കാത്ത ഇത്തരം ഒരു അടിപ്പാതയ്ക്ക് പകരം ഷിറിയയിൽ മേൽപ്പാലം പണിയണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഷിറിയയിൽ അടിപ്പാത നിർമ്മിക്കുന്നതിനായി ആദ്യഘട്ടത്തിൽ മൂന്ന് കോടി രൂപ അനുവദിക്കുകയും പ്രാഥമിക നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് മേൽപ്പാലത്തിനായി ജനങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
ഒറ്റപ്പെട്ട് ഷിറിയ പ്രദേശവാസികൾ ദേശീയപാത വികസനം വന്നതോടെ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഷിറിയ കുന്നും ഷിറിയ തീരദേശവും. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഈ മേഖലയിൽ നിലവിൽ ഗതാഗതസൗകര്യമില്ലാതെ ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. കിലോമീറ്ററുകൾ അധികം സഞ്ചരിച്ചു വേണം ഇവർക്ക് മറ്റ് പ്രദേശങ്ങളിലെത്താൻ.
സമീപകാലത്ത് ഷിറിയയിലെ ഒരു വീട്ടിൽ തീപിടിത്തമുണ്ടായപ്പോൾ ഫയർഫോഴ്സ് വാഹനത്തിന് സമയത്തിന് സംഭവസ്ഥലത്ത് എത്താൻ കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും വീട് പൂർണ്ണമായും കത്തിനശിച്ചിരുന്നു. ഇതുപോലെ ദൂരങ്ങളുണ്ടാകുമ്പോൾ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിലെത്തിക്കാനും വലിയ പ്രയാസമാണ് നേരിടുന്നത്.
ജനകീയ പ്രക്ഷോഭത്തിലേക്ക് ഷിറിയ സ്കൂൾ റോഡും ഷിറിയ തീരദേശ റോഡും ബന്ധിപ്പിച്ച് മേൽപ്പാലം വേണമെന്ന ആവശ്യവുമായി ഷിറിയ വികസന സമിതി പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ട്. കഴിഞ്ഞ വർഷം എ.കെ.എം അഷറഫ് എം.എൽ.എ നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും കണ്ണടയ്ക്കുന്ന സമീപനമാണ് ഉണ്ടാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോടികൾ ചെലവിട്ട് അടിപ്പാതകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും മഴക്കാലത്ത് ഇത് പൂർണ്ണമായും ഉപയോഗശൂന്യമാകുന്ന അവസ്ഥയിലാണ്.













Leave a Reply