കളിക്കുന്നതിനിടെ കൊടിമരത്തിന്റെ കയർ കഴുത്തിൽ കുരുങ്ങി; മടിക്കൈയിൽ 11-കാരന് ദാരുണാന്ത്യം

മടിക്കൈ: അങ്കണവാടിക്ക് മുന്നിലെ കൊടിമരത്തിന്റെ കയറിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്ത് കുരുങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം. മടിക്കൈ സ്വദേശികളായ രാജേഷ്–നീതു ദമ്പതികളുടെ മകൻ അനേക് ആണ് മരിച്ചത്. കാഞ്ഞിരപ്പൊയിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.

വ്യാഴാഴ്ച (03-09-2026) വൈകിട്ട് അഞ്ചുമണിയോടെ മടിക്കൈ മൂന്നു റോഡ് നന്ദൻകുഴി അങ്കണവാടിക്ക് സമീപത്താണ് നാടിനെ നടുക്കിയ സംഭവം. അങ്കണവാടിയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരത്തിന്റെ കയറിൽ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അനേകിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ കയർ കുരുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. മരണവിവരമറിഞ്ഞ് പ്രദേശത്താകെ വലിയ ദുഃഖവും ഞെട്ടലുമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *