മടിക്കൈ: അങ്കണവാടിക്ക് മുന്നിലെ കൊടിമരത്തിന്റെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം. മടിക്കൈ സ്വദേശികളായ രാജേഷ്–നീതു ദമ്പതികളുടെ മകൻ അനേക് (11) ആണ് കളിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. കാഞ്ഞിരപ്പൊയിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മടിക്കൈ മൂന്നു റോഡ് നന്ദൻകുഴി അങ്കണവാടിക്ക് സമീപത്തായിരുന്നു നാടിനെ നടുക്കിയ സംഭവം. അങ്കണവാടിയുടെ മുന്നിലുള്ള കൊടിമരത്തിന്റെ കയറിൽ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ കയർ കുരുങ്ങിയതാണെന്നാണ് വിവരം.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുരുന്നിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം വലിയ ദുഃഖത്തിലും കണ്ണീരിലുമാഴ്ത്തി.














Leave a Reply