കുഞ്ചത്തൂരിൽ 63 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്: ഉപ്പള സ്വദേശി 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കാസർകോട്: ലഹരിമരുന്ന് കേസിൽ ഉപ്പള സ്വദേശിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഉപ്പള മുസ്സൊടി പുഴക്കര ഹൗസിലെ അബ്ദുൽ അസീസിനെ (29) ആണ് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആർ. വിനായക റാവു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം.

2024 മാർച്ച് 9-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകുന്നേരം 7:25-ഓടെ കുഞ്ചത്തൂരിൽ വെച്ചാണ് 63 ഗ്രാം എംഡിഎംഎയുമായി അബ്ദുൽ അസീസിനെ മഞ്ചേശ്വരം പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.

അന്നത്തെ മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടറായിരുന്ന ടോൽസൺ പി. ജോസഫാണ് പ്രതിയെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ ഇ. അനൂപ് കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വേണുഗോപാലൻ പി. ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *