ആവേശമായി ‘ആസ്ക് ആലംപാടി’ ജൂനിയർ മിനി ഫുട്ബോൾ വേൾഡ് കപ്പ്; അർജന്റീനയ്ക്ക് കിരീടം

ആലംപാടി: ഫുട്ബോൾ ആവേശം വാനോളമുയർത്തി ആസ്ക് ആലംപാടി ജൂനിയർ അംഗങ്ങൾ സംഘടിപ്പിച്ച മിനി വേൾഡ് കപ്പ് ഫുട്ബോൾ മത്സരം കാണികളിൽ ആവേശമായി. ഹിൽടോപ്പ് അറിന ഇൻഡോർ ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു കൗമാരപ്പടയുടെ വാശിയേറിയ പോരാട്ടം അരങ്ങേറിയത്.

ലോകകപ്പിന്റെ ആവേശം ഒട്ടും ചോരാതെ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നീ നാല് പ്രമുഖ രാജ്യാന്തര ടീമുകളുടെ പേര് ധരിച്ചായിരുന്നു ജൂനിയർ താരങ്ങൾ കളത്തിലിറങ്ങിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത അർജന്റീന ഒടുവിൽ കപ്പ് സ്വന്തമാക്കി മിനി വേൾഡ് കപ്പിലെ ചാമ്പ്യന്മാരായി ഉയർന്നു.

നേരത്തെ, ആസ്ക് ട്രഷറർ നിസാർ പുത്തൂർ ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രാദേശിക കായിക പ്രതിഭകളെ വളർത്തിയെടുക്കാനും കായികരംഗത്ത് ജൂനിയർ അംഗങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാനും ഇത്തരം മത്സരങ്ങൾ സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആലംപാടിയിലെ കായിക പ്രേമികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് കളി കാണാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമായി സ്റ്റേഡിയത്തിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *