കാഞ്ഞങ്ങാട്: ദേശീയപാതയിൽ പടന്നക്കാട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നീലേശ്വരം പടിഞ്ഞാറ്റുംകൊഴുവൽ സ്വദേശികളായ അനന്തകൃഷ്ണൻ (24), കെ.പി. അനുരാഗ് (22) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ പടന്നക്കാട് നെഹ്‌റു കോളേജിനും കാർഷിക കോളേജിനും സമീപത്തായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
നീലേശ്വരത്തുനിന്ന് കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രത്തിലേക്ക് തെയ്യം കാണാനായി ബൈക്കിൽ പോകുകയായിരുന്നു ഇരുവരും. യാത്രയ്ക്കിടെ പടന്നക്കാട് എത്തിയപ്പോൾ വഴിയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ നാട്ടുകാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പടിഞ്ഞാറ്റുംകൊഴുവൽ ഭണ്ഡാരപ്പുരയ്ക്കടുത്ത വേണുഗോപാൽ-ശാന്തിയമ്മ ദമ്പതിമാരുടെ മകനാണ് അനന്തകൃഷ്ണൻ. മൂലപ്പള്ളിയിലെ മനോജിന്റെയും കെ.പി. റോഷ്നിയുടെയും മകനാണ് മരിച്ച അനുരാഗ്. കർണാടകയിലെ ബൽത്തങ്ങാടിയിൽ ബേക്കറി നടത്തുകയാണ് പിതാവ് മനോജ്. നീലേശ്വരം വസന്തവിഹാർ ഹോട്ടലിലെ ജീവനക്കാരനാണ് അനുരാഗ്. സഹോദരി: അനന്യ (പത്താം ക്ലാസ് വിദ്യാർഥിനി, നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ). സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.













Leave a Reply