‘സത്യം ജയിച്ചു, പിന്നിൽ രാഷ്ട്രീയ മുതലെടുപ്പ്’; മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ

കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ രംഗത്ത്. വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണത്തെത്തുടർന്ന് നടത്തിയ രക്തപരിശോധനാ ഫലം നെഗറ്റീവായതോടെയാണ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായത്. സത്യം വിജയിക്കും എന്നതിന്റെ തെളിവാണിതെന്നും സംഭവത്തിൽ താനും കുടുംബവും വലിയ മാനസിക വിഷമമാണ് അനുഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സങ്കുചിത താല്പര്യങ്ങളുടെ പേരിൽ ഒരാളെ മാനസികമായി തകർക്കാൻ ശ്രമിച്ചതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നും ഷിവി കൃഷ്ണൻ വ്യക്തമാക്കി.

തനിക്കെതിരെ പോലീസിൽ യാതൊരുവിധ പരാതിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ ഭാഗത്തുനിന്ന് ചില അപക്വമായ ഇടപെടലുകൾ ഉണ്ടായെങ്കിലും ആ കുഞ്ഞുങ്ങളെ താൻ കുറ്റപ്പെടുത്തില്ലെന്നും അവർക്ക് അത്രയേ അറിവുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നിരപരാധിത്വവും സത്യസന്ധതയും തെളിയിക്കാനാണ് പരിശോധനയ്ക്ക് തയ്യാറായത്. എന്നാൽ സ്കൂളിലെത്തി ബഹളമുണ്ടാക്കിയവരിൽ ഒരാളൊഴികെ മറ്റാരും തന്നെ കുട്ടികളുടെ രക്ഷിതാക്കൾ ആയിരുന്നില്ലെന്നും പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി.

സംഭവത്തിന് പിന്നിൽ ബോധപൂർവ്വമായ രാഷ്ട്രീയ നീക്കങ്ങൾ നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്. പോലീസിൽ പരാതിയില്ലാത്ത സാഹചര്യത്തിൽ താൻ ഒരു പരിശോധനയ്ക്കും വിധേയനാകാൻ നിയമപരമായി ബാധ്യസ്ഥനല്ല. എന്നാൽ യൂറിൻ ടെസ്റ്റ് നടത്തണമെന്ന് വാശിപിടിച്ചത് ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങളും പ്രശ്നങ്ങളുമാണ് ഇതിനു പിന്നിലെ പ്രധാന കാരണം. ആ വിഷയത്തെ ചിലർ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയായിരുന്നു. അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ കാരണം കുട്ടികളും ഇപ്പോൾ വലിയ മാനസിക വിഷമത്തിലാണെന്നും തനിക്കെതിരെ നടന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *