യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി

ആദൂർ: യൂറോപ്പിൽ അക്കൗണ്ടന്റ് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ഏഴ് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ‘യുനിമോണി ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ ഉടമക്കെതിരെ ആദൂർ പോലീസ് കേസെടുത്തു.

കാറഡുക്ക കുണ്ടംകുഴി സ്വദേശിനി ചിത്രലേഖയുടെ (35) പരാതിയിലാണ് പോലീസ് നടപടി. യൂറോപ്പിൽ അക്കൗണ്ടന്റ് ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വിസക്കും മറ്റ് അനുബന്ധ ചെലവുകൾക്കുമെന്ന പേരിലാണ് സ്ഥാപന ഉടമ പണം ആവശ്യപ്പെട്ടത്.

ഇതനുസരിച്ച് 2026 മാർച്ച് 25-ന് 5,53,353 രൂപയും, മെയ് 14-ന് 1,62,000 രൂപയും ഉൾപ്പെടെ ആകെ 7,15,353 രൂപ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതായി പരാതിയിൽ പറയുന്നു. എന്നാൽ പണം കൈപ്പറ്റി മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ ജോലിയോ നൽകാതിരിക്കുകയും നൽകിയ പണം തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തതോടെയാണ് ചിത്രലേഖ പോലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത ആദൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *