ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം ബി.ജെ.പി ഓഫീസിൽ: ചട്ടലംഘനം ആരോപിച്ച് ജില്ലാ പഞ്ചായത്ത് അംഗം പരാതി നൽകി

കാസർകോട്: കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ എ.ഡി.ഐ.പി (ADIP) പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് നൽകുന്ന ട്രൈസൈക്കിളുകൾ രാഷ്ട്രീയ പാർട്ടി ഓഫീസിൽ വെച്ച് വിതരണം ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന ഭിന്നശേഷി കമ്മീഷണർക്ക് പരാതി. കാസർകോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷൻ അംഗം ജസ്ന മനാഫാണ് പരാതി നൽകിയത്.

കാസർകോട് ജില്ലയിലെ പുല്ലൂരിലുള്ള ബി.ജെ.പി ഓഫീസിൽ വെച്ച് കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായുള്ള ട്രൈസൈക്കിളുകൾ വിതരണം ചെയ്യുകയും, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ഉപകരണങ്ങൾ കൈമാറുകയും ചെയ്ത സംഭവത്തിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

പൊതുപണം ഉപയോഗിച്ച് നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽ വെച്ച് വിതരണം ചെയ്യുന്നത്, ഇത് ഒരു പ്രത്യേക പാർട്ടിയുടെ സ്വന്തം പദ്ധതിയാണെന്ന തെറ്റായ ധാരണ ജനങ്ങളിൽ സൃഷ്ടിക്കാൻ ഇടയാക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അർഹരായ ഭിന്നശേഷിക്കാരെ രാഷ്ട്രീയ പാർട്ടി ഓഫീസുകളിൽ എത്തിച്ച് ആനുകൂല്യങ്ങൾ നൽകുന്നത് അവരുടെ ആത്മാഭിമാനത്തെ ബാധിക്കുന്നതാണെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

സർക്കാർ പദ്ധതികളുടെ വിതരണം സുതാര്യവും രാഷ്ട്രീയ താൽപര്യങ്ങളിൽ നിന്ന് മുക്തവുമായിരിക്കണമെന്നും, ഇത്തരം ആനുകൂല്യങ്ങൾ ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും മാത്രമാണ് വിതരണം ചെയ്യേണ്ടതെന്നും ജസ്ന മനാഫ് ആവശ്യപ്പെട്ടു. സംഭവത്തിന് ഇടയാക്കിയ സാഹചര്യം ഉദ്യോഗസ്ഥ തലത്തിൽ സമഗ്രമായി അന്വേഷിക്കണമെന്നും, ചട്ടലംഘനം നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പരാതിയുടെ പകർപ്പ് കാസർകോട് ജില്ലാ കളക്ടർക്കും ജില്ലാ സാമൂഹിക നീതി ഓഫീസർക്കും കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *