തൃക്കരിപ്പൂർ:
കഠിനാധ്വാനവും മികച്ച പരിശീലനവും കൈമുതലാക്കി കാൽപ്പന്ത് കളിയിൽ വിസ്മയം തീർക്കുന്ന തൃക്കരിപ്പൂരിൻ്റെ കൗമാര താരം കെ.വി. ആരുഷ് പഞ്ചാബ് എഫ്.സി. അണ്ടർ 17 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫുട്ബോൾ സ്വപ്നങ്ങളിലേക്ക് പടിപടിയായി മുന്നേറുന്ന ഈ യുവതാരത്തിന് വലിയൊരു വഴിത്തിരിവാണ് ഈ നേട്ടം.
കഴിഞ്ഞ നാല് വർഷമായി തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമിയിലാണ് ആരുഷ് പരിശീലനം നേടുന്നത്. പരിശീലകരായ പി. ഉമേഷ് (സി.ആർ.പി.എഫ്.), ടി. സജിത്ത് (എസ്.ബി.ഐ.), എ.ജി.സി. ഉസ്മാൻ, ഇ. അജേഷ്, രാജേഷ്, ഹംലാദ് എന്നിവരുടെ കീഴിലായിരുന്നു കഠിന പരിശീലനം.
കഴിഞ്ഞ മാസം ബെംഗളൂരുവിൽ വെച്ച് നടന്ന ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ പ്രതിരോധ നിരയിൽ ആരുഷ് പുറത്തെടുത്ത മിന്നും പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ചാമ്പ്യൻഷിപ്പിൽ അസമിനെതിരെ നടന്ന മത്സരത്തിൽ കേരളത്തിനായി ആരുഷ് ഒരു ഗോൾ നേടുകയും ചെയ്തു.
തൃക്കരിപ്പൂർ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. തൃക്കരിപ്പൂർ ബീരിച്ചേരി മനയിലെ രവി കുമാറിൻ്റെയും രജിതയുടെയും മകനാണ് ഈ യുവ പ്രതിഭ.













Leave a Reply