ഉത്തരമലബാറിൽ ഇനി തെയ്യക്കാലം; കാവുകളിൽ ചിലമ്പൊലി ഉണർന്നു

കാഞ്ഞങ്ങാട്: കോലത്തുനാട്ടിലും അള്ളടദേശത്തും തെയ്യക്കാവുകളിൽ വീണ്ടും വിളക്കുകൾ തെളിഞ്ഞു. തുലാപ്പത്ത് ദിനമായ ചൊവ്വാഴ്ചയോടെ ഉത്തരമലബാറിൽ ഏഴര മാസം നീളുന്ന തെയ്യക്കാലത്തിന് ഔദ്യോഗികമായി തുടക്കമായി. വിശ്വാസവും കാർഷിക സംസ്കാരവും സമന്വയിക്കുന്ന ഉത്തരമലബാറിന്റെ തനത് അനുഷ്ഠാന നാളുകൾക്കാണ് ഇതോടെ തുടക്കമായിരിക്കുന്നത്. തുലാപ്പത്ത് മുതൽ ഇടവപ്പാതി വരെ നീളുന്ന മാസങ്ങളിൽ ഇനി കാവുകളും തറവാടുകളും ഉത്സവലഹരിയിലാകും.

നീലേശ്വരം മന്നംപുറത്ത് കാവിലും കണ്ണൂർ കളരിവാതുക്കലിലും കളിയാട്ടം സമാപിക്കുന്നതോടെയാണ് സാധാരണയായി ഈ സീസണിലെ തെയ്യാട്ടങ്ങൾക്ക് കൊടിയിറങ്ങുന്നത്.

പത്താമുദയത്തിലെ കാർഷിക അനുഷ്ഠാനങ്ങൾ

തുലാപ്പത്തിനെ ‘പത്താമുദയം’ എന്ന പേരിലാണ് പ്രധാനമായും വിശേഷിപ്പിക്കുന്നത്. കാവുകളിലും കുടുംബക്ഷേത്രങ്ങളിലും തറവാടുകളിലും സമ്പന്നമായ അനുഷ്ഠാനങ്ങളാണ് ഈ ദിനങ്ങളിൽ നടക്കുന്നത്. കാർഷിക സംസ്കാരത്തെ ചേർത്തുപിടിക്കുന്ന ഉത്തരമലബാറുകാർക്ക് മനസ്സ് നിറയ്ക്കുന്ന അനുഭവമാണ് ഈ കാഴ്ച്ചകൾ.

പത്താമുദയ ദിനത്തിൽ പുലർച്ചെ കിണ്ടിയിൽ വെള്ളം നിറച്ച് തുളസിയിലയിട്ട് സൂര്യനെ പ്രാർത്ഥിക്കുന്നതിൽ തുടങ്ങി, മൺമറഞ്ഞുപോയ കാരണവന്മാർക്ക് അകത്തു വെച്ചു കൊടുക്കുന്നതുവരെയുള്ള പാരമ്പര്യ അനുഷ്ഠാനങ്ങൾ വീടുകളിൽ നടക്കുന്നു. തറവാട്ടിലെ പൂജാമുറിയിൽനിന്ന് കൊളുത്തിയെടുത്ത തിരി കാട്ടുപൂക്കളും കന്നിച്ചെടികളും ചൂടി വയലിലിറക്കി സമർപ്പിക്കുന്ന ചടങ്ങുകളും തുലാപ്പത്തിന്റെ ഭാഗമായി നടന്നു.

കാത്തിരിപ്പിനൊടുവിൽ പെരുങ്കളിയാട്ടങ്ങൾ (2027)

ഈ തെയ്യക്കാലത്ത് വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രധാന പെരുങ്കളിയാട്ടങ്ങളുടെ വിവരങ്ങളും പുറത്തുവന്നു:

  • എരമം കുട്ടൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം: 2027 ജനുവരി 8, 9, 10, 11 തീയതികളിൽ (17 വർഷത്തിനുശേഷം)
  • പയ്യന്നൂർ എടാട്ട് എടനാട് തിരുവർക്കാട് ഭഗവതി ക്ഷേത്രം: 2027 ജനുവരി 10, 11, 12, 13 തീയതികളിൽ (20 വർഷത്തിനുശേഷം). 39 തെയ്യങ്ങളാണ് ഇവിടെ അരങ്ങിലെത്തുന്നത്.
  • തൃക്കരിപ്പൂർ പട്ടുവം പടിഞ്ഞാറ്റയിൽ ഭഗവതി ക്ഷേത്രം: 2027 മെയ് 10, 11, 12, 13, 14 തീയതികളിൽ (400 വർഷത്തിനുശേഷം). 39 തെയ്യങ്ങൾ ഇവിടെയും അരങ്ങിലെത്തും.

വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവങ്ങൾ (2027)

ഉത്തരമലബാറിലെ വിവിധ തറവാടുകളിലും ദേവസ്ഥാനങ്ങളിലും നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവങ്ങളുടെ തീയതികളും പ്രഖ്യാപിച്ചു:

  • ഫെബ്രുവരി 14, 15, 16: ഇരിയ ബാത്തുർ പൊട്ടവടുക്കം ക്ലായി വയനാട്ടുകുലവൻ ദേവസ്ഥാനം
  • മാർച്ച് 9, 10, 11: പെരിയ പരപ്പക്കെട്ട് വയനാട്ടുകുലവൻ ദേവസ്ഥാനം
  • മാർച്ച് 23, 24, 25: പാണത്തൂർ താനിത്തിക്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനം
  • മാർച്ച് 26, 27, 28: ബേഡകം മീത്തൽ വീട് തറവാട്
  • മാർച്ച് 30, 31, ഏപ്രിൽ 1: രാവണേശ്വരം ഏഴോം വയനാട്ടുകുലവൻ തറവാട്
  • ഏപ്രിൽ 2, 3, 4: പാലക്കുന്ന് പടിഞ്ഞാറ് വീട് വയനാട്ടുകുലവൻ തറവാട്
  • ഏപ്രിൽ 6, 7, 8: അടോട്ട് പുതിയപുര വയനാട്ടുകുലവൻ തറവാട്
  • ഏപ്രിൽ 9, 10, 11: മാങ്ങാട് പുതിയപുര വയനാട്ടുകുലവൻ തറവാട്
  • ഏപ്രിൽ 23, 24, 25: കാസർകോട് തളങ്കര പുഞ്ചക്കോടി വയനാട്ടുകുലവൻ തറവാട്
  • മെയ് 9, 10, 11: കാസർകോട് മോറ സിരിബാഗിലു വയനാട്ടുകുലവൻ ദേവസ്ഥാനം

കണ്ണൂർ, കാസർകോട് ജില്ലകളിലായി മൂവായിരത്തിലേറെ വരുന്ന കോലധാരികളും ആചാരസ്ഥാനികരുമാണ് തെയ്യക്കാലത്തെ വരവേൽക്കാൻ രംഗത്തിറങ്ങിയിട്ടുള്ളത്. നാട്ടിൻപുറങ്ങളിലെ കാവുകളിലും പള്ളിയറകളിലും ഇനി തോറ്റപ്പാട്ടുകളുടെയും ചിലമ്പൊലിയുടെയും നാളുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *