ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ മകന് സ്റ്റേഷൻ ജാമ്യം നൽകിയതിൽ പ്രതിഷേധം ശക്തം

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ പ്രതിഷേധവുമായി കുടുംബം. അപകടമുണ്ടാക്കിയ അഡീഷണൽ ജില്ലാ ജഡ്ജിയുടെ 17-കാരനായ മകന് സ്റ്റേഷൻ ജാമ്യം അനുവദിച്ചതിലും, വാഹന ഉടമയായ ജഡ്ജിക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് മക്കളടക്കമുള്ള കുടുംബാംഗങ്ങൾ ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.

മരിച്ച ജയബാലകൃഷ്ണന്റെ ചിതയടങ്ങുന്നതിനും മൃതദേഹം വിട്ടുകിട്ടുന്നതിനും മുൻപേ തന്നെ അപകടമുണ്ടാക്കിയ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. സാധാരണക്കാരനായ തട്ടുകടക്കാരനായതിനാലാണ് ഇത്തരത്തിൽ വിവേചനം കാട്ടുന്നതെന്നും, പ്രതി ജഡ്ജിയുടെ മകനായതിനാലാണ് പൊലീസ് ഒത്തുകളിക്കുന്നതെന്നും മക്കൾ ആരോപിച്ചു. പുലർച്ചെ നാല് മണിക്ക് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിയ തങ്ങൾക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അച്ഛന്റെ മൃതദേഹം വിട്ടുനൽകിയതെന്നും, എന്നാൽ ജീവനെടുത്ത പ്രതിയെ മണിക്കൂറുകൾക്കകം സുഖമായി പറഞ്ഞുവിട്ടെന്നും മക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

നീതിയല്ലാതെ മറ്റൊന്നും വേണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് സ്റ്റേഷന് മുന്നിൽ നിന്നുള്ള പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കുടുംബം വ്യക്തമാക്കി. അതേസമയം, സംഭവം വലിയ വിവാദമായതിനെത്തുടർന്ന് കേസിൽ പൊലീസ് പിന്നീട് മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്തിയിട്ടുണ്ട്. മൈനറായ മകന് വാഹനം ഓടിക്കാൻ നൽകിയതിന് കാറിന്റെ ആർ.സി ഉടമയായ ജഡ്ജിക്കെതിരെയും നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. പുലർച്ചെ കണ്ടെയ്നർ റോഡിൽ അമിതവേഗതയിലെത്തിയ ബെൻസ് കാറിടിച്ചാണ് മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ ദാരുണമായി കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *