കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് സ്കൂട്ടർ യാത്രികരായ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കേസിലെ പ്രതിയായ 19-കാരൻ സുഹൈലുമായി കനത്ത സുരക്ഷയിലാണ് അന്വേഷണ സംഘം അപകടസ്ഥലത്തും പരിസരങ്ങളിലും തെളിവെടുപ്പ് പൂർത്തിയാക്കിയത്.
ക്വിക്ക് റെസ്പോൺസ് ടീമിന്റെ (QRT) പ്രത്യേക സുരക്ഷയിലാണ് പ്രതിയെ സ്ഥലത്തെത്തിച്ചത്. എറണാകുളം റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ, ആലുവ ഡിവൈഎസ്പി ബൈജു കെ. പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് നിലവിൽ പ്രതിയുള്ളത്.
തെളിവെടുപ്പിനെത്തിച്ചപ്പോൾ മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു പ്രതി. ബോർസ്റ്റൽ സ്കൂളിൽ കഴിയവെ അവിടെയുണ്ടായിരുന്ന ട്രിമ്മർ ഉപയോഗിച്ച് സുഹൈൽ സ്വയം മുടി മുറിക്കുകയായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം.
അപകടത്തിന് പിന്നാലെ വൈദ്യപരിശോധനയ്ക്കായി ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ പ്രതിക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായിരുന്നു. കൂടാതെ, കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളും നടന്നിരുന്നു. ഈ സാഹചര്യങ്ങൾ മുൻനിർത്തിയാണ് തെളിവെടുപ്പ് വേളയിൽ പൊലീസ് സുരക്ഷ കർശനമാക്കിയത്.
ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. ഇതിനുള്ളിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തുടർന്ന് നിശ്ചിത സമയത്തിനകം പ്രതിയെ കോടതിയിൽ ഹാജരാക്കും.















Leave a Reply