മലപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാലുപേർ പിടിയിൽ

മലപ്പുറം: കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ടി.പി. ഷബീർ (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശി മിനു ജാസ്മിൻ (23) എന്നിവരാണ് മലപ്പുറം പൊലീസിന്റെ വലയിലായത്. ഇതിൽ പിടിയിലായ മിനു ജാസ്മിൻ ശ്രദ്ധേയയായ യൂട്യൂബറാണ്.

പ്രതികളിൽ നിന്ന് 10.5 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ലഹരിമരുന്ന് പിടികൂടിയത്. വിപണിയിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഈ രാസലഹരിയെന്ന് പൊലീസ് വ്യക്തമാക്കി.

സംഘം എവിടെ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്നും ഇതിന് പിന്നിൽ വൻ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *