കൊച്ചി: എറണാകുളം മാർക്കറ്റിലെ ജൂത സിനഗോഗിന് നേരെയുണ്ടായ തീവയ്പ് കേസിൽ പ്രതി പുത്തൻകുരിശ് സ്വദേശി എബിൻ പോളിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്തു. സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് എൻഐഎ സംഘം പ്രതിയെ ചോദ്യം ചെയ്തത്.
‘ബോസ്’ എന്ന് വിളിക്കുന്ന ഒരാളുടെ നിർദേശപ്രകാരമാണ് പ്രതി പ്രവർത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. അജ്ഞാത ടെലിഗ്രാം അക്കൗണ്ട് വഴിയാണ് ഇയാൾക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ക്രിപ്റ്റോ കറൻസി വഴിയാണ് നടന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാനാണ് പൊലീസിന്റെ നീക്കം.
തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിന് മുൻവശത്ത് തീവയ്പുണ്ടായത്. കാറിലെത്തിയ പ്രതി, വാഹനം സമീപത്ത് നിർത്തിയിട്ട ശേഷം സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോർട്ടികൾച്ചർ നഴ്സറിയുടെ ബാനറുകളിലും ഫ്ലെക്സുകളിലും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ആക്രമണ ദൃശ്യങ്ങൾ ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിനഗോഗിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നുവെങ്കിലും പുലർച്ചെയുണ്ടായ സംഭവം പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. രാവിലെ വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് അജ്ഞാത വ്യക്തിയുടെ നിർദേശപ്രകാരമാണ് കൃത്യം നിർവഹിച്ചതെന്ന വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ വൻതോതിൽ രാസലഹരിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.















Leave a Reply