പനത്തടിയിൽ മ്ലാവിനെ വേട്ടയാടിയ കേസ്: കീഴടങ്ങിയ രണ്ട് പ്രതികളെ കോടതി റിമാൻഡ് ചെയ്തു

കാസർകോട്: പനത്തടി റിസർവ് വനത്തിൽ അതിക്രമിച്ചു കയറി മ്ലാവിനെ വേട്ടയാടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കരിക്കെ സ്വദേശികളായ എം.എ. സുബീർ (46), നൗഫൽ (37) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കേസിൽ ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് പ്രതികൾ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ. രാഹുലിന് മുൻപാകെ കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 10-നാണ് കേസിനാസ്പദമായ സംഭവം. പനത്തടി റിസർവ് വനത്തിൽ ആയുധങ്ങളുമായി സംഘം കടന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വേട്ടയാടൽ കണ്ടെത്തിയത്. വനപാലകരെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാളെ നേരത്തെ സംഭവസ്ഥലത്തുനിന്ന് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് നാടൻ തോക്ക്, തിര, കത്തികൾ, ടോർച്ച് എന്നിവയും പിന്നീട് വീട്ടിൽ നടത്തിയ പരിശോധനയിൽ 40 കിലോ മ്ലാവിൻ്റെ മാംസവും കണ്ടെടുത്തിരുന്നു.

പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഒപ്പമുണ്ടായിരുന്ന സുബീർ, നൗഫൽ എന്നിവരെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് അറസ്റ്റ് ഒഴിവാക്കാൻ പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ഹർജി തള്ളി. കീഴടങ്ങിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ വനം വകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *