യസ്വിനിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസർകോട്: കുണ്ടംകുഴി പാണ്ടിക്കണ്ടത്ത് പയസ്വിനിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേഡഡുക്ക പഞ്ചായത്തിലെ മുന്നാട് മണ്ണെടുക്കം സ്വദേശി മാധവന്റെ മകൻ അർജുൻ (24) ആണ് മരിച്ചത്. രണ്ട് ദിവസമായി തുടർന്ന തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.

ഞായറാഴ്ച ഉച്ചയോടെ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അർജുൻ ശക്തമായ ഒഴുക്കിൽപ്പെട്ടത്. തുടർന്ന് ഞായറും തിങ്കളുമായി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ ഔദ്യോഗിക രക്ഷാപ്രവർത്തനം അവസാനിപ്പിച്ചെങ്കിലും നാട്ടുകാർ തോണി ഉപയോഗിച്ച് തെരച്ചിൽ തുടർന്നു. ഒടുവിൽ, യുവാവ് സുരക്ഷിതനായി തിരിച്ചുവരുമെന്ന നാടിന്റെ പ്രതീക്ഷകൾക്കും പ്രാർത്ഥനകൾക്കും വിരാമമിട്ട്, അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്നുതന്നെ നാട്ടുകാർ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആദൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിച്ചു. അർജുന്റെ അപ്രതീക്ഷിത വിയോഗം പ്രദേശത്താകെ വലിയ നോവായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *