ലീഡെക്സ് ഹൊറൈസൺ 2026: ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം രജിസ്ട്രേഷന് തുടക്കമായി

ദുബൈ: പുതിയ കാലത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഉത്തരവാദിത്വമുള്ള നേതൃത്വത്തെ വാർത്തെടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ‘ലീഡെക്സ് ഹൊറൈസൺ 2026’ എന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി പ്രസ്താവിച്ചു. കേവലം ഒരു സമ്മേളനം എന്നതിലുപരി സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുകയും പ്രവർത്തകരെ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന വേദിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ ഒന്നിന് ദുബൈയിൽ നടക്കുന്ന സംഗമത്തിൽ കാസർകോട് മണ്ഡലത്തിൽനിന്ന് പരമാവധി പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കെ.പി. ടവറിലെ ലീഡെക്സ് സ്വാഗതസംഘം ഓഫീസിൽ ചേർന്ന ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഹസ്കർ ചൂരി സ്വാഗതം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഹംസ മധൂർ കാസർകോട് മണ്ഡലതല പ്രതിനിധി രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു.

നവംബർ ഒന്നിന് പി.എ. ഇബ്രാഹിം ഹാജി സ്ക്വയറിലെ വിമൻസ് അസോസിയേഷൻ ഹാളിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡെക്സ് ഹൊറൈസൺ പ്രതിനിധി സമ്മേളനവും ദേശീയ സമ്മേളനവും വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി മണ്ഡലതല പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും.

യോഗത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് ഹസൈനാർ ബീജന്തടുക്ക, സെക്രട്ടറി ഫൈസൽ ദീനാർ, മണ്ഡലം സെക്രട്ടറി സിനാൻ തൊട്ടാൻ, മുനിസിപ്പൽ പ്രസിഡന്റ് അൻവർ സാജിദ്, സെക്രട്ടറി ജാഫർ കുന്നിൽ, ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഹബീബ് മൂല, മൊഗ്രാൽ പഞ്ചായത്ത് ലീഡെക്സ് കോർഡിനേറ്റർ അബ്ദുൽ ഖാദർ, സാബിത് പി.സി., സമീർ ബേവിഞ്ച, അജ്മൽ മിർഷാൻ നെല്ലിക്കട്ട, ആൻചു നെല്ലിക്കട്ട, സർഫ്രാസ് ചൂരി എന്നിവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം സെക്രട്ടറി തൽഹത്ത് തളങ്കര നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *