മംഗളൂരു: പഞ്ചാബിലെ അമൃത്സറിൽ നിന്ന് വാട്ടർ പ്യൂരിഫയറിനുള്ളിൽ ഒളിപ്പിച്ച് കൊറിയർ മാർഗ്ഗം കടത്തിയ 1.58 കോടി രൂപ വിലമതിക്കുന്ന 1.79 കിലോഗ്രാം (1 കിലോ 796 ഗ്രാം) എം.ഡി.എം.എയുമായി കാസർകോട് സ്വദേശി ഉൾപ്പെടെ മൂന്നുപേർ മംഗളൂരു സി.സി.ബി പൊലീസിന്റെ പിടിയിലായി.
കാസർകോട് മംഗൽപാടി ബൈദല സ്വദേശി അബ്ദുൽ ഹഫീൽ (25), മംഗളൂരു കൂളൂർ കസബ ബംഗ്രെ സ്വദേശി സിയാവുൽ ഹഖ് (30), മംഗളൂരു പാണ്ഡേശ്വരത്ത് താമസിക്കുന്ന അൽത്താഫ് (28) എന്നിവരാണ് അറസ്റ്റിലായത്.
കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള നാർക്കോട്ടിക് സെൽ ഡാൻസാഫ് (DANSAF) സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത നീക്കം. അടുത്തിടെ കാസർകോട്ട് ലഹരിമരുന്നുമായി പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് പഞ്ചാബിലെ അമൃത്സറിൽ നിന്ന് കൊറിയർ വഴി വൻതോതിൽ ലഹരിമരുന്ന് അയച്ചിട്ടുണ്ടെന്ന വിവരം ഡാൻസാഫ് സംഘത്തിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ വാട്ടർ പ്യൂരിഫയറിന്റെ വാട്ടർ ടാങ്കിനുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ പാഴ്സൽ എത്തിയെന്ന് ഉറപ്പാക്കിയ സംഘം വിവരം മംഗളൂരു സിറ്റി പൊലീസിന് കൈമാറുകയായിരുന്നു.
മംഗളൂരു നഗരത്തിലും കാസർകോട് ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ പദ്ധതി. കൊറിയർ ഓഫീസിൽ നിന്ന് പാഴ്സൽ കൈപ്പറ്റിയ ശേഷം ഉള്ളാൾ താലൂക്കിലെ കുമ്പള ഡിമാർട്ടിന് സമീപം വെച്ച് സ്വിഫ്റ്റ് കാറിലും ഓട്ടോയിലുമായി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് മംഗളൂരു സി.സി.ബി പൊലീസ് ഇവരെ വളഞ്ഞുപിടിച്ചത്.
പ്രതികളിൽ നിന്ന് 1,796.96 ഗ്രാം എം.ഡി.എം.എ, കടത്തിന് ഉപയോഗിച്ച മാരുതി സുസുക്കി സ്വിഫ്റ്റ് കാർ, ഓട്ടോറിക്ഷ, മൂന്ന് മൊബൈൽ ഫോണുകൾ, വാട്ടർ പ്യൂരിഫയർ എന്നിവ പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത തൊണ്ടിമുതലുകൾക്ക് ആകെ 1.63 കോടിയിലധികം രൂപ (₹1,63,84,000) മൂല്യമുണ്ട്.
പ്രതികളിൽ അബ്ദുൽ ഹഫീലിനെതിരെ ഉള്ളാൾ സ്റ്റേഷനിലും അൽത്താഫിനെതിരെ പാണ്ഡേശ്വരം സ്റ്റേഷനിലും നേരത്തെ ലഹരി ഉപയോഗിച്ചതിന് കേസുകൾ നിലവിലുണ്ട്. സിയാവുൽ ഹഖ് ദുബായിൽ ലഹരിവിൽപന കേസിൽപ്പെട്ട് മൂന്ന് വർഷം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം നാട്ടിലെത്തിയ ആളാണെന്നും പൊലീസ് വെളിപ്പെടുത്തി. സംഭവത്തിൽ ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.














Leave a Reply