ദേശീയപാത കല്ലങ്കൈയിൽ ഒന്നിനുപുറകെ ഒന്നായി നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; ബൈക്ക് യാത്രികർക്ക് പരിക്ക്

കാസർകോട്: ദേശീയപാതയിൽ കല്ലങ്കൈയിൽ ഒന്നിനുപുറകെ ഒന്നായി നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞതാണ് അപകടങ്ങളുടെ തുടക്കം. തൊട്ടുപിന്നാലെ എത്തിയ ലോറി മറിഞ്ഞ കാറിലിടിച്ചു. ഈ സമയം പിന്നാലെയെത്തിയ മൂകാംബികയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ലോറിയുടെ പിൻഭാഗത്തും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ലുകൾ പൂർണമായി തകർന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെ ഇതുവഴി വന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റത്.

അപകടവിവരമറിഞ്ഞ് കാസർകോട് അഗ്നിരക്ഷാ നിലയത്തിൽ നിന്ന് ആക്‌സിഡന്റ് റെസ്ക്യൂ ടെൻഡർ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ വാതിൽ തകരാറിലായതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അഗ്നിരക്ഷാ സേന ഏണി വെച്ച് എമർജൻസി ഡോർ വഴിയാണ് മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. റോഡിൽ ചിതറിക്കിടന്ന ചില്ലുകളും മറ്റ് അവശിഷ്ടങ്ങളും അഗ്നിരക്ഷാ സേന വെള്ളം ചീറ്റിച്ച് റോഡരികിലേക്ക് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ എം.എ. വൈശാഖ്, പി.സി. സിറാജുദ്ദീൻ, രമേശ്, പ്രണവ്, ഹരികുമാർ, ഒ.കെ. പ്രജിത്, ജെ. അനന്തു, ഹോംഗാർഡുമാരായ രാജേന്ദ്രൻ, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *