സുരക്ഷ പൗരന്റെ അവകാശം; സുരക്ഷയില്ലാത്ത വികസനം നാടിനെ ദുരന്തത്തിലേക്ക് തള്ളിവിടും: ഡോ. ഖാദര്‍ മാങ്ങാട്

നീലേശ്വരം: സുരക്ഷ എന്നത് ഏതൊരു പൗരന്റെയും മൗലികാവകാശമാണെന്നും അത് ഉറപ്പാക്കാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നാടിനെ വന്‍ ദുരന്തങ്ങളിലേക്കാവും തള്ളിവിടുകയെന്നും കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് വ്യക്തമാക്കി.

ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ അശാസ്ത്രീയമായി നിര്‍മ്മിക്കുന്ന മണ്‍തിട്ടയ്ക്ക് പകരം ഫ്‌ലൈഓവര്‍ (ആകാശപാത) നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരം 200-ാം ദിവസത്തിലേക്ക് കടന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ജനസുരക്ഷാ പ്രഖ്യാപന സമ്മേളനം’ മാര്‍ക്കറ്റ് ജംഗ്ഷനിലെ സമരപ്പന്തലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാര്‍ത്ഥതയും സത്യസന്ധതയും മാത്രം കൈമുതലാക്കി ഒരു പറ്റം നാട്ടുകാര്‍ നടത്തുന്ന ഈ ന്യായമായ സമരം ലക്ഷ്യം കാണുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാതകള്‍ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്നതാവണം, മറിച്ച് ജനങ്ങളെയും നാടിന്റെ സംസ്‌കാരത്തെയും വെട്ടിമുറിക്കുന്നതാവരുതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ലയണ്‍സ് ജി.എ.ടി ഏരിയ ലീഡറും ജെ.സി.ഐ മുന്‍ ദേശീയ പ്രസിഡന്റുമായ അഡ്വ. വാമന കുമാര്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്ന ഈ ശക്തമായ പോരാട്ടത്തിന് മുന്നില്‍ ഒടുവില്‍ അധികാരികള്‍ക്ക് മുട്ടുമടക്കേണ്ടി വരുമെന്നും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.

സമരപ്പന്തല്‍ പൊളിച്ചുമാറ്റാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ജനകീയ സമരസമിതി ചെയര്‍മാന്‍ ടി.സി.വി. ശ്രീനാഥ് ശശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ഡി. രാജന്‍ സ്വാഗതം ആശംസിച്ചു. പ്രൊഫ. ശശി മേനോന്‍ മാഷ്, മുതിര്‍ന്ന സമരാംഗം രാജു രാമൂട്ടി എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമരസമിതി ട്രഷറര്‍ മഹമ്മൂദ് കോട്ടായി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *