കാസർകോട്: ബേളൂർ വെള്ളമുണ്ടയിൽ അടച്ചിട്ട വീടിന് തീവെച്ച് നാശനഷ്ടം വരുത്തിയ കേസിൽ അറസ്റ്റിലായ രണ്ടുപേരെ കോടതി റിമാൻഡ് ചെയ്തു. വെള്ളമുണ്ട സ്വദേശികളായ സുനിൽ വി. (48), സുഭാഷ് കെ. (37) എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടുകാരനായ ശരത്തുമായുള്ള മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ശരത്തിന്റെ മാതാവ് അനിത ശശിയും കുടുംബവും വീട് പൂട്ടി തൃശൂരിലേക്ക് പോയ സമയത്തായിരുന്നു സംഭവം. സെപ്റ്റംബർ 28-ന് രാവിലെ 10 മണിക്കും ഒക്ടോബർ 4-ന് ഉച്ചയ്ക്ക് 2.25-നും ഇടയിലുള്ള സമയത്താണ് പ്രതികൾ വീട്ടിൽ അതിക്രമിച്ചുകയറി തീയിട്ടത്.
അക്രമത്തിൽ വീടിന്റെ മുൻവശത്തെ വാതിലും ജനൽച്ചില്ലുകളും തകർന്നു. അകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ കത്തിനശിച്ചു. ഏകദേശം 80,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
കഴിഞ്ഞ മാസം 26-ന് ശരത്ത് അയൽവാസികളായ രാഘവൻ, ഭാര്യ ഇന്ദിര, യദുചന്ദ്രൻ എന്നിവരെ ആക്രമിച്ചിരുന്നു. സംഭവത്തിൽ പരിക്കേറ്റ മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തിലുള്ള വൈരാഗ്യമാണ് വീടിന് തീവെക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.














Leave a Reply