കാഞ്ഞങ്ങാട്: ഗുരുവനത്ത് വ്യവസായ പാർക്കിന്റെ മറവിൽ അശാസ്ത്രീയമായി മണ്ണെടുക്കുന്നുവെന്ന മാധ്യമ വാർത്തകളെത്തുടർന്ന് കർശന നടപടിയുമായി ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ കാഞ്ഞങ്ങാട് ആർഡിഒയ്ക്ക് കളക്ടർ നിർദ്ദേശം നൽകി.
പ്രദേശത്ത് വലിയ തോതിൽ മണ്ണ് വെട്ടിമാറ്റി അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുന്നത് ജനങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കമ്പനിക്ക് ഔദ്യോഗികമായി കത്തയക്കാൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനോട് കളക്ടർ ഉത്തരവിട്ടു.
മാനദണ്ഡങ്ങൾ ലംഘിച്ചും രണ്ട് മീറ്ററിലധികം ആഴത്തിൽ കുന്നിടിച്ചും മണ്ണ് കടത്തുന്നുവെന്നും ഇത് സമീപപ്രദേശങ്ങളിലെ സ്വാഭാവിക ജലസംഭരണികളെയും കിണറുകളെയും ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. വിഷയം മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് റവന്യൂ അധികൃതരെ അണിനിരത്തി കളക്ടറുടെ നേരിട്ടുള്ള നടപടി. ആർഡിഒയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.














Leave a Reply