കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധം; കൂക്കി വിളിച്ച് വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനിടെ വിദ്യാര്‍ത്ഥി പ്രതിഷേധം. അധ്യാപകനായ ശ്രീകുമാര്‍ സെമിനാര്‍ പ്രസന്റേഷന്‍ നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഹാളിലേക്ക് കടന്നുവരികയും പ്രതിഷേധിക്കുകയുമായിരുന്നു. ആര്‍എസ്എസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തി. ഇതിന് പുറമേ വിദ്യാര്‍ത്ഥികള്‍ കൂക്കി വിളിക്കുകയും ഷൂ ഉയര്‍ത്തുകയും ചെയ്തു. ഇതോടെ സെമിനാര്‍ പ്രസന്റേഷന്‍ നിര്‍ത്തിവെച്ചു. വിദ്യാര്‍ത്ഥികള്‍ ആസാദി മുദ്രാവാക്യവും മുഴക്കി. ഇതിനിടെ സെമിനാറിന് പിന്തുണയുമായി എബിവിപി രംഗത്തെത്തി. ‘വന്ദാമാതരം’ എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു എബിവിപി പിന്തുണ അറിയിച്ചത്.

ഇന്നത്തെ സെമിനാറില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു മുഖ്യാതിഥി. ഇന്നലെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഗവര്‍ണര്‍ ഉന്നയിച്ചത്. ഇന്നലെ ഉണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ചില അജണ്ടകളുണ്ടെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. സ്വാഭാവികമായി ഉണ്ടായ ഒറ്റപ്പെട്ട പ്രതിഷേധമായിരുന്നില്ല. വന്ദേമാതരത്തിനെതിരായ നീക്കമാണ് നടന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ കണ്ടെത്തുകയും കര്‍ശന നടപടി സ്വീകരിക്കുകയും വേണം. ഇവിടെയുണ്ടായ പ്രതിഷേധം രാജ്യത്താകെ ചര്‍ച്ചയായി. രാജ്യത്തിനാണ് അപമാനം. വന്ദേമാതരത്തെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. കൊളോണിയല്‍ നിയമങ്ങളെ തകര്‍ത്തതില്‍ പോലും വന്ദേമാതരത്തിന് പങ്കുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ എസ്എഫ്ഐ, എന്‍എസ്യുഐ സംഘടനകളും രംഗത്തെത്തി. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളാക്കാനാണ് ശ്രമമെന്ന് സംഘടനകള്‍ വിമര്‍ശിച്ചു. ആര്‍എസ്എസ് നേതാവിനെ സെമിനാറില്‍ പങ്കെടുപ്പിച്ചതിനെയാണ് എതിര്‍ത്തത്.

Leave a Reply

Your email address will not be published. Required fields are marked *